കോട്ടയം: പാലാ ഉപ തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് എൻ ഡി എ യ്ക്ക് വിജയ പ്രതീക്ഷ നൽകുന്നുണ്ടെന്നും ആദ്യ മണിക്കൂറിലെ മികച്ച പോളിങ് നൽകുന്ന സൂചന ഇതാണെന്നും ബിജെപി സ്ഥാനാർഥി എൻ.ഹരി. വികസനം ചർച്ചയാക്കാൻ ബിജെപിക്ക് പാലായിൽ സാധിച്ചിട്ടുണ്ട്. ഇത് പാലായിൽ ഗുണം ചെയ്യുമെന്നും എൻ.ഹരി പറഞ്ഞു.
ഐക്യജനാധിപത്യമുന്നണി നൂറുശതമാനവും വൻപിച്ച ഭൂരിപക്ഷത്തോടെയും വിജയിക്കുമെന്ന് ജോസ് കെ മാണി എം പി. ഐക്യത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനവുമായാണ് യു ഡി എഫ് മുന്നോട്ടു പോയിട്ടുള്ളത്. ഇതിൻ്റെ ഫലം തിരഞ്ഞെടുപ്പിൽ ഉണ്ടാകും. കെ എം മാണി തന്ത്രശാലിയും ഇപ്പോഴുള്ള നേതാക്കൾ കുതന്ത്രശാലികളുമാണെന്ന ജോൺ എബ്രഹാമിൻ്റെ പ്രതികരണത്തോട് ഐക്യമുന്നണിയിലുള്ളവർ ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന് മീനച്ചിൽ പഞ്ചായത്തിലെ കൂവത്തോട് ഗവ.എൽ.പി.സ്കൂളിലാണ് വോട്ട്. പാലായിൽ മികച്ച വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം. രണ്ടില ചിഹ്നം ഇല്ലാത്തതും ബാലറ്റിൽ ഏഴാമതായതും വിജയത്തെ ബാധിക്കില്ല. വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് പോവുക തന്നെ ചെയ്യും. സ്ഥാനാർഥി പ്രഖ്യാപനം തുടങ്ങിയതു മുതൽ യുഡിഎഫ് വർദ്ധിതവീര്യത്തോടെയാണ് ഓരോ ദിവസവും പ്രവർത്തിക്കുന്നത്. ഇത് തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും. പോളിംഗ് ശതമാനം 90 കഴിഞ്ഞാൽ 13 പഞ്ചായത്തുകളിലും ലീഡ് ചെയ്യുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പറഞ്ഞു.
പാലായിൽ ജനം വിധിയെഴുതുന്നു യുഡിഎഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മ. മാണിസാറിൻ്റെ പാരമ്പര്യം പാലാ കാത്തു സൂക്ഷിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം കുട്ടിയമ്മ പറഞ്ഞു.
എൽ ഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ രാവിലെ ഏഴിന് തന്നെ കാനാട്ടുപാറ ഗവണ്‍മെൻ്റ് പോളിടെക്‌നിക് കോളജിലെ 119ാം നമ്പര്‍ ബൂത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തി. മാണി സി കാപ്പന്‍ ഭാര്യ ആലീസ്, മക്കളായ ടീന,ദീപ എന്നിവര്‍ക്കൊപ്പമാണ് വോട്ടു രേഖപ്പെടുത്താന്‍ എത്തിയത്.