കേരളം

kerala

ETV Bharat / state

ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രണയ ക്വട്ടേഷനെന്ന് പൊലീസ് - പ്രണയ ക്വട്ടേഷന്‍

ഓട്ടോറിക്ഷ നിർത്തി പുറത്തേക്ക് ഓടി സമീപത്തെ കടയിലെത്തിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്.

auto driver  kottayam local news  auto rickshaw  പ്രണയ ക്വട്ടേഷന്‍  കോട്ടയം വാര്‍ത്തകള്‍
ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രണയ ക്വട്ടേഷനെന്ന് പൊലീസ്

By

Published : Oct 30, 2021, 1:07 PM IST

കോട്ടയം: ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രണയ ക്വട്ടേഷനെന്ന് പൊലീസ്. രണ്ടു യുവാക്കൾ ഒരു പെൺകുട്ടിയെ പ്രണയിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിലും വണ്ടി കത്തിക്കലിലും എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണുവിനെ (27) ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു.

ഓട്ടോ ഡ്രൈവർ പാലാ പൂവരണി കല്ലുവെട്ട് കുഴിയിൽ അഖിലിനെയാണ് (21) ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിഷ്ണുവിന് ക്വട്ടേഷൻ നൽകിയ പാലാ സ്വദേശിയായ വൈശാഖിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓട്ടോ ഡ്രൈവറായ അഖിലും വിഷ്ണുവും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ അടിപിടി ഉണ്ടായി. ഇതിനിടെയാണ് വൈശാഖ് അഖിലിനെതിരെ ക്വട്ടേഷൻ നൽകിയത്.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പാലായിൽ നിന്നും ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷ, മുടിയൂർക്കരയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെന്ന പേരിലാണ് വിഷ്ണു അഖിലിന്‍റെ ഓട്ടോ വിളിച്ചത്.

also read: വിവാഹ വാഗ്‌ദാനം നൽകി 15കാരിയെ പീഡിപ്പിച്ചു ; ഉസ്‌താദിന് 25 വർഷം കഠിനതടവ്

മുടിയൂർക്കര ഭാഗത്തെ ഇടവഴിയിൽ എത്തിച്ച ശേഷം, അഖിലിന്‍റെ കഴുത്തിൽ കത്തി വച്ച് വിഷ്ണു ഭീഷണിപ്പെടുത്തി. ഓട്ടോറിക്ഷ നിർത്തി പുറത്തേക്ക് ഓടി സമീപത്തെ കടയിലെത്തിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. പിന്നീടാണ് വിഷ്ണു ഓട്ടോറിക്ഷ കത്തിച്ചതെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു.

വിഷ്ണുവിന് നേരിയ പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഗാന്ധിനഗർ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെട്രോളും , ആസിഡും ഒഴിച്ചാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്നാണ് സൂചന.

ABOUT THE AUTHOR

...view details