കോട്ടയം: കോട്ടയത്ത് പാമ്പാടിയിൽ ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നിർദേശപ്രകാരം കോട്ടയം ജില്ല പൊലീസ് ഓഫിസിലെ എസ് ഐ രാജേഷ് മണിമലയാണ് രേഖാചിത്രം തയ്യാറാക്കിയത്. മാല വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവാണ് കഴിഞ്ഞ ദിവസം സ്വർണം കവർന്നത്.
മോഷണ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പാമ്പാടി ഗവ.താലൂക്ക് ഹോസ്‌പിറ്റലിനു സമീപം കൈയ്യാല പറമ്പിൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്. യുവാവ് മാല വാങ്ങാനാണെന്ന് പറഞ്ഞതു പ്രകാരം സ്വർണ മാലകൾ തെരഞ്ഞെടുക്കാനായി നൽകി. എന്നാൽ ഉടമയുടെ ശ്രദ്ധ മാറിയ നിമിഷത്തിൽ ഇയാൾ സ്വർണാഭരണങ്ങളുമായി സ്‌കൂട്ടറിൽ കടന്നു കളയുകയായിരുന്നു.