കോട്ടയം:എരുമേലിയില്‍ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. വെച്ചൂച്ചിറ സ്വദേശിയായ പ്രസാദാണ് (59) അറസ്റ്റിലായത്. എരുമേലി മുക്കൂട്ടുതറ ജങ്‌ഷനിൽ ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേല്‍പ്പിച്ചു; യൂണിഫോം വലിച്ച് കീറി, പ്രതി അറസ്റ്റില്‍ - ഇന്നത്തെ വാര്‍ത്തകള്‍
എരുമേലിയില്‍ റോഡില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചയാളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് മര്‍ദനം. പ്രതിയായ വെച്ചൂച്ചിറ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും കടിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്‌തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. റോഡിന്‍റെ നടുക്ക് നിന്ന് പ്രസാദ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ റോഡില്‍ നിന്ന് മാറാന്‍ ഇയാളോട് ആവശ്യപ്പെട്ടു. ഇതോടെ രോഷാകുലനായ പ്രസാദ് ഉദ്യോഗസ്ഥനെ ചീത്ത വിളിച്ചു. കടിച്ച് പരിക്കേല്‍പ്പിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്‌തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എരുമേലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. എരുമേലി സ്റ്റേഷൻ എസ്‌എച്ച്‌ഒ അനിൽകുമാർ വി.വി, എസ്‌ഐ ശാന്തി കെ ബാബു, എഎസ്‌ഐ മാരായ റിയാസുദീൻ, അനിൽകുമാർ, രാജേഷ്, സിപിഒ സിജി കുട്ടപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.