കോട്ടയം:കടുത്തുരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് കെണിയിൽപെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഘത്തിലെ മൂന്നു പേർ പിടിയിൽ. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മിസ്ഹബ് അബ്‌ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ സ്വദേശി ജിഷ്‌ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി സ്വദേശി അഭിനവ് (20) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് പിടികൂടി റിമാൻഡ് ചെയ്‌തത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ അനുസരിച്ചുള്ള കേസാണ് ചുമത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പിടികൂടാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് പിടിയിലാകാനുള്ള നാലാമന്‍. പൊലീസിന്‍റെ പിടിയില്‍പ്പെടാതെ ഒളിവില്‍ കഴിയുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് പ്രാഥമിക സൂചന.
കടുത്തുരുത്തിയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും കണ്ടെത്തിയ സംഭവത്തിന് ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പ്രതികളെല്ലാം കുറ്റകൃത്യം നടത്തുന്നതിന് മാത്രമായി മറ്റ് ജില്ലകളില്‍നിന്നെത്തി ഇവിടെ നാളുകളായി താമസിച്ചിരുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ലഹരിവസ്‌തുക്കള്‍ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗമെന്നും പൊലീസ് പറയുന്നു. കൂടുതല്‍ സംഘങ്ങള്‍ പ്രദേശത്തുണ്ടെന്നും പൊലീസ് മുന്നറിയിപ്പുണ്ട്.
ALSO READ:മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായി ; പിതൃസഹോദരന്‍ പിടിയില്‍
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ മൊഴിയനുസരിച്ചെടുത്ത കേസിലാണ് മൂവരും അറസ്റ്റിലായത്. പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രണയക്കുരുക്കില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായതോടെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം സംഭവങ്ങള്‍ പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പൊലീസ് വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.