കോട്ടയം: മാങ്ങാനത്തെ സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് പോക്‌സോ കേസ് ഇരകളടക്കം ഒമ്പത് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ അതിജീവിതകളെ പാർപ്പിക്കാൻ വനിത ശിശു വികസന വകുപ്പിൻ്റെ നിർഭയ സെല്ലിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മാങ്ങാനത്തെ മഹിള സമഖ്യ സൊസൈറ്റിയുടെ ഷെൽട്ടൽ ഹോമിൽ നിന്നാണ് പെൺകുട്ടികൾ കാണാതായത്. ഇന്ന് രാവിലെ 5.30ന് കുട്ടികളെ വിളിച്ചുണർത്താൻ ചെല്ലുമ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്.
കോട്ടയത്ത് ഷെൽട്ടർ ഹോമിൽ നിന്ന് 9 പെൺകുട്ടികളെ കാണാതായി; കാണാതായവരിൽ പോക്‌സോ കേസ് ഇരകളും - പോക്‌സോ കേസ് ഇര
ഷെൽട്ടർ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ആകെ 14 കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ ഒമ്പത് കുട്ടികളും രക്ഷപ്പെട്ടത് സ്ഥാപനം അധികൃതരുടെയും ഷെൽട്ടർ ഹോം ജീവനക്കാരുടെയും അനാസ്ഥ കൊണ്ടാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഏതാനും നാളുകൾക്ക് മുമ്പും ഇവിടെ നിന്നും പോക്സോ കേസിലെ അഞ്ച് പെൺകുട്ടികൾ സമാന രീതിയിൽ കാണാതായിരുന്നു. അന്വേഷണത്തിനൊടുവിൽ ഇവരെ കോട്ടയം ടൗണിൽ നിന്നുതന്നെ കണ്ടെത്തുകയായിരുന്നു.
കൃത്യവിലോപം നടത്തിയ ജീവനക്കാർക്കെതിരെ അന്ന് നടപടിയും എടുത്തിരുന്നില്ല. അന്ന് ഇവിടെ പെൺകുട്ടികളുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന ജീവനക്കാർ തന്നെയാണ് ഇപ്പോഴും അവിടെ ജോലി തുടരുന്നത്. വീണ്ടും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.