മത്സ്യകൃഷി നടത്തിയ കർഷകർ കടക്കെണിയിൽ കോട്ടയം :കേന്ദ്രസര്‍ക്കാരിന്‍റെ മത്സ്യ സമ്പദ് യോജന (PMMSY - Pradhan Mantri Matsya Sampada Yojana) പദ്ധതിയിലൂടെ മത്സ്യകൃഷി നടത്തിയ കര്‍ഷകര്‍ കടക്കെണിയില്‍. ബയോ ഫ്ലോക്ക് കൃഷി പദ്ധതിയാണ് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ വളര്‍ത്തിയ മീനുകള്‍ക്ക് വിപണിയില്ല എന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.
മത്സ്യ തീറ്റയ്‌ക്ക് ക്രമാതീതമായി വില ഉയര്‍ന്നതും പ്രതിസന്ധി രൂക്ഷമാക്കി. നേരത്തെ 40 രൂപയായിരുന്നു മത്സ്യ തീറ്റയുടെ വില. ഇത് നിലവില്‍ 125 രൂപായാണ്.
വരവ് മത്സ്യങ്ങളും ഇറച്ചി കോഴിയുടെ അവശിഷ്‌ടങ്ങള്‍ നല്‍കി വളര്‍ത്തുന്നതുമായി മീനുകള്‍ വിപണിയില്‍ സുലഭമായിട്ടാണ് ലഭിക്കുന്നത്. എന്നാല്‍, മത്സ്യ തീറ്റ നല്‍കി വളര്‍ത്തുന്ന മീനുകള്‍ക്കാണ് വിപണിയില്‍ ഇടമില്ലാത്തതെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ സർക്കാർ ഹാച്ചറികളിൽ നിന്നും കൊടുക്കുന്ന മത്സ്യങ്ങൾ മാത്രമേ വളർത്താന്‍ സാധിക്കൂ എന്ന നിബന്ധനയും വെല്ലുവിളിയാണെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നുണ്ട്.
ഏഴ് ലക്ഷത്തിലധികം രൂപ മുടക്കിയാണ് പലരും ടാങ്കുകളില്‍ മത്സ്യ കൃഷി ആരംഭിച്ചത്. ഇതില്‍ 2,80,000 രൂപ സബ്‌സിഡിയുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. അതേസമയം, ബയോ ഫ്ലോക്ക് പദ്ധതിക്ക് പിന്നില്‍ വലിയ അഴിമതിയുണ്ടെന്നാണ് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എബി ഐപ്പിന്‍റെ ആരോപണം.