കോട്ടയം: നാട്ടകം പോർട്ടിലെ ജലപാതയുടെ ആഴം കൂട്ടുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പോർട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വലിയ ബാർജുകൾക്ക് പോകാൻ കഴിയുന്ന രീതിയിൽ ജലപാതയുടെ ആഴം കൂട്ടാനാണ് നീക്കം.
ബാർജുകളുടെയും ഹൗസ് ബോട്ടുകളുടെയും അടിഭാഗം അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യം നിലവിൽ നാട്ടകത്തില്ല. അതുകൊണ്ട് ട്രാവൻകൂർ സിമന്‍റ്‌സിലെ സൗകര്യം നാട്ടകം പോർട്ടിനു വേണ്ടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ജലപാതയുടെ ആഴം കൂട്ടിയാൽ കൂടുതൽ കണ്ടെയ്‌നറുകൾക്ക് വരാനും പോകാനും കഴിയുമെന്നും ജലഗതാഗതം മെച്ചപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. തണ്ണീർമുക്കം ബണ്ടിലെ പുതിയ റീച്ച് വഴിയുള്ള ഗതാഗതം സജീവമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.