കോട്ടയം: സിഎംഎസ് കോളജിനെ കുറിച്ചുള്ള ചിത്രപ്രദർശനം ശ്രദ്ധയാകർഷിക്കുന്നു. സി.എം.എസ് കോളജിനെ വിഷയമാക്കി വിവിധ ചിത്രകാരൻമാർ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കോട്ടയം പബ്ളിക് ലൈബ്രറി ആർട്ട് ഗാലറി, കേരള ലളിതകലാ അക്കാദമി കോട്ടയം ആർട്ട് ഗാലറി എന്നിവിടങ്ങളിൽ നടക്കുന്ന പ്രദർശനം ചലച്ചിത്ര സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്‌തു. ഹ്യൂസ് ഓഫ് ടൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദശനം ഡിസംബർ 11 വരെ തുടരും.
സി.എം.എസ് കോളജ് കാമ്പസിൽ സംഘടിപ്പിച്ച വിവിധ ചിത്രകലാ ക്യാമ്പുകളിൽ രൂപപ്പെട്ട ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കോളജ് കാമ്പസും കോളജുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രരചനയുടെ പ്രധാന വിഷയം. അക്രലിക്, വാട്ടർ കളർ വിഭാഗങ്ങളിലുള്ള ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. കോളജ് മ്യൂസിയം ആർട്ട് ഗാലറിയിലെ ശേഖരത്തിൽ നിന്നുള്ള നൂറോളം ചിത്രങ്ങളും പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.