കോട്ടയം: റബറിന്‍റെ വിലയിടിഞ്ഞപ്പോഴും ആശ്വാസമായിരുന്ന കുരുമുളക് ഇപ്പോള്‍ കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത് നഷ്‌ടക്കണക്കുകള്‍. ചിലവിന് ആനുപാതികമായി വിപണിയില്‍ കുരുമുളകിന്‍റെ വില ഉയരുന്നില്ല. പകരം കുറയുകയാണ് എന്നതാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. രണ്ട് വര്‍ഷം മുമ്പ് കിലോ ഗ്രാമിന് 700 രൂപയ്ക്ക് മുകളില്‍ വരെ വില എത്തിയിരുന്ന കുുരുമുളകിന് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 300 രൂപയോളമാണ്.
കര്‍ഷകരെ തുണയ്ക്കാതെ കുരുമുളകും വര്‍ഷാ വര്‍ഷം കുരുമുളകിന്‍റെ ഉത്പാദന ചിലവ് ഉയരുകയാണ്. കുരുമുളക് ചെടികള്‍ കയറ്റിവിട്ടിരിക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കുന്നതും ദ്രുതവാട്ടം അടക്കമുള്ളവയില്‍ നിന്നും ചെടികളെ സംരക്ഷിക്കുന്നതും അടക്കം ഇവയുടെ പരിപാലനം വളരെ ചിലവേറിയതാണ്. തൊഴിലാളി ക്ഷാമം മൂലം കൂലിയും നാള്‍ക്കു നാള്‍ ഉയരുകയാണ്. മലയാളികളായ തൊഴിലാളികളെ കിട്ടാതായതോടെ ഇതര സംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ ഈ രംഗത്തും കര്‍ഷകര്‍ക്ക് ആശ്രയം. ദിവസം 500 മുതല്‍ 600 രൂപ വരെ കൂലി നല്‍കുമ്പോള്‍ ഒരു ദിവസം വിളവെടുക്കുന്ന കുരുമുളകിന്‍റെ അളവ് വളരെ തുച്ഛമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം ഗണ്യമായി കുറഞ്ഞു. നാടന്‍ കുരുമുളക് ചെടികളിലെ തിരികളില്‍ കുരുമുളക് മണികളുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ ഏറെ സമയം മെനക്കെട്ടാലാണ് ഒരു കിലോ കുരുമുളക് പറിച്ചെടുക്കാന്‍ കഴിയുക. ഈ വര്‍ഷം ചെടികളില്‍ രോഗ ബാധ കുറവാണെങ്കിലും വിളവ് മെച്ചപ്പെട്ടിട്ടില്ല. കുരുമുളക് ഉണക്കിയെടുത്ത് ചാക്കിലാക്കിയാൽ പിന്നെ വില ഉയരാനുള്ള കാത്തിരിപ്പിലാണ് കര്‍ഷകര്‍. ഇക്കാലമത്രയും കുരുമുളകില്‍ പൂപ്പലും മറ്റും പിടിക്കാതെ സൂക്ഷിക്കുന്നതിനും വലിയ അധ്വാനം വേണം. കുരുമുളക് കൃഷിക്ക് കാര്യമായ പ്രോത്സാഹനമോ മറ്റ് സഹായങ്ങളോ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കുരുമുളകിന് കിലോയ്ക്ക് കുറഞ്ഞത് 500 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ നഷ്‌ടമില്ലാതെ കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. കുരുമുളക് വില നാള്‍ക്ക് നാള്‍ കുറയുമ്പോഴും കുരുമുളകില്‍ നിന്നുള്ള ഉപ ഉൽപ്പന്നങ്ങള്‍ക്കും കുരുമുളക് ചേരുവയായുള്ള ഉൽപ്പന്നങ്ങള്‍ക്കും നാള്‍ക്കുനാള്‍ വില ഉയരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. റബറിന് വിലയിടിയുമ്പോഴും മധ്യകേരളത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നത് കുരുമുളകായിരുന്നു. നിരവധിപ്പേര്‍ റബറിന്‍റെ ശിഖരങ്ങള്‍ മുറിച്ച് നീക്കിയും റബര്‍ മരങ്ങള്‍ ചുവടോടെ വെട്ടി മാറ്റിയുമെല്ലാം കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍ നിലവിലെ വിപണി സാഹചര്യത്തില്‍ കുരുമുളകിനെ കൈയൊഴിഞ്ഞ് മറ്റേതെങ്കിലും കൃഷിയേക്കുറിച്ച് ചിന്തിക്കേണ്ട നിലയിലാണ് കാര്യങ്ങളെന്ന് കര്‍ഷകര്‍ പറയുന്നത്.