കോട്ടയം:രാമപുരം പഞ്ചായത്തിലെ കുന്നപ്പള്ളി മല കൈവശപെടുത്താന്‍ പാറമടലോബി നീക്കം നടത്തുന്നതായി നാട്ടുകാര്‍. ഏക്കര്‍ കണക്കിന് ഭൂമിയാണ് പാറമട മാഫിയ ഇവിടെ വാങ്ങി കൂട്ടുന്നത്. റവന്യൂ ഭൂമിയിലെ പാറയാണ് മാഫിയയുടെ ലക്ഷ്യമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധക്കൂട്ടായ്‌മ രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാര്‍.
കുന്നപ്പള്ളി മലയില്‍ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ കൂട്ടായ്‌മ - കോട്ടയം പ്രാദേശിക വാര്‍ത്തകള്‍
രാമപുരം പഞ്ചായത്തിലെ മുല്ലമറ്റം, മരങ്ങാട് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന കുന്നപ്പള്ളി മലനിരകളാണ് പാറമട ലോബി വാങ്ങിക്കൂട്ടുന്നത്.
പഞ്ചായത്തിലെ മുല്ലമറ്റം, മരങ്ങാട് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന കുന്നപ്പള്ളി മലനിരകളാണ് പാറമട ലോബി വാങ്ങിക്കൂട്ടുന്നത്. മലനിരകളിലെ പട്ടയഭൂമി വാങ്ങിയ ശേഷം റവന്യൂഭൂമി കൈവശപെടുത്തി പാറമടയും ക്രഷര്‍ യൂണിറ്റും ആരംഭിക്കാനുള്ള നീക്കമാണിപ്പോള്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാല നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതിയില്‍ കുന്നപ്പിള്ളിമല, പുലിയനാട്ട് മല എന്നിവ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ്. നിരവധി കുടുംബങ്ങളുടെ ആശ്രയമായ രണ്ട് കുടിവെള്ള പദ്ധതികളും കുന്നപ്പിള്ളി മലനിരയോട് ചേര്‍ന്നുണ്ട്. പാറമട ആരംഭിച്ചാല്‍ ഈ കുടിവെള്ള പദ്ധതികളും അവതാളത്തിലാകും. അപൂര്‍വ്വയിനം സസ്യങ്ങളും പക്ഷിമൃഗാദികളും ഈ മലനിരകളിലുണ്ട്.
രാമപുരം പഞ്ചായത്തിലെ തന്നെ കുറിഞ്ഞി കോട്ടമലയില്‍ പാറമട തുടങ്ങാന്‍ നടത്തിയ നീക്കം നാട്ടുകാര്‍ ചെറുത്തു തോല്‍പ്പിച്ചിരുന്നു. സമാന രീതിയില്‍ കുന്നപ്പിള്ളി മലനിരയെയും പാറമടലോബിയില്‍ നിന്നും സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ് മരങ്ങാട്, മുല്ലമറ്റം മേഖലയിലെ ജനങ്ങള്‍.