കോട്ടയം:സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജൻ വിഭാഗം നഴ്‌സ് രോഗിയുടെ ആക്രമണത്തിന് ഇരയായി. ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മത്തായിപ്പാറ കണ്ണമ്പടി സ്വദേശിയായ കുരുവിള മാണി (66) എന്നയാളാണ് ന്യൂറോ സർജൻ വിഭാഗം നഴ്‌സിനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ 5.45 നും 6 നും ഇടയിലാണ് നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റമുണ്ടായത്. ചികിത്സയിലിരിക്കുന്ന രോഗിക്ക് കുത്തിവയ്‌പ് എടുക്കുവാൻ എത്തിയ നഴ്‌സിന്‍റെ വലത് കൈ രോഗി ബലമായി പിടിച്ച് തിരിച്ചൊടിക്കുകയാരുന്നു. 25-ാം വാർഡിലാണ് അക്രമം നടന്നത്.
ചൊവ്വാഴ്‌ച ഡിസ്‌ചാർജ് ചെയ്യുവാൻ തീരുമാനിച്ചിരുന്ന രോഗിയായിരുന്നു അക്രമം നടത്തിയ മാണി. നഴ്‌സ് രോഗിയുടെ സമീപമെത്തി കുത്തിവയ്‌പ് എടുക്കുവാൻ ശ്രമിച്ചപ്പോൾ ഇയാൾ എനിക്ക് കുത്തിവയ്‌പ് എടുക്കണ്ടായെന്ന് പറഞ്ഞ് അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് നഴ്‌സിന്‍റെ കൈ പിടിച്ചു തിരിച്ച രോഗി അസഭ്യം പറയുകയും ചെയ്‌തുവെന്നാണ് പരാതി.