കോട്ടയം: താലൂക്ക് ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി ചികിത്സകൾ ആരംഭിക്കുന്നതിലൂടെ കൂടുതൽ ആളുകൾക്ക് സൗജന്യചികിത്സ ലഭ്യമാക്കാനാകുമെന്നും ഇത് ആർദ്രം പദ്ധതിയുടെ പ്രധാന നേട്ടമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പാമ്പാടി താലൂക്ക് ആശുപത്രിയിൽ രണ്ടുകോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ ഒ പി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല തീർഥാടകർക്കായി ആറുഭാഷകളിൽ ഇറക്കിയ സുരക്ഷ മാനദണ്ഡങ്ങൾ സംബന്ധിച്ച ക്യൂ ആർ കോഡിന്‍റെയും നവംബർ 14ന് ജില്ലയിലെ ജനപ്രതിനിധികൾക്കും ആരോഗ്യ പ്രവർത്തകർക്കുമായി നടത്തുന്ന കായികമേള 'ആരവ'ത്തിന്‍റെ ലോഗോയുടെയും പ്രകാശനം ആരോഗ്യമന്ത്രി ചടങ്ങില്‍ നിർവഹിച്ചു.
താലൂക്ക് ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ചികിത്സ കൂടുതൽ ആളുകൾക്ക് സൗജന്യചികിത്സ ലഭ്യമാക്കും: ആരോഗ്യമന്ത്രി - വീണ ജോര്‍ജ്
പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ ഒ പി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണ ജോര്‍ജ്
പുതുതായി നിർമിക്കുന്ന ഡെന്‍റല്‍ യൂണിറ്റിന്‍റെ ശിലാസ്ഥാപനം സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഒമ്പത് കോടി രൂപയുടെ വികസന പദ്ധതികളാണ് പാമ്പാടി താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുന്നത്. 1.59 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഡയാലിസിസ് യൂണിറ്റിനും എംഎൽഎ ഫണ്ടുപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ പണി കഴിപ്പിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന്‍റെ പണികളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 2.30 കോടി രൂപ ചെലവിൽ ട്രോമാ കെയർ, ഒരു കോടി രൂപ ചെലവിൽ ഫാർമസി സ്‌റ്റോർ, 60.15 ലക്ഷം രൂപ ചെലവിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്‍റ് എന്നീ പദ്ധതികൾ പുതുതായി അനുവദിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിന്‍റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ പാമ്പാടി ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.