കേരളം

kerala

ETV Bharat / state

പ്രതിസന്ധികള്‍ക്കിടയിലും തളരാതെ പാലാ-കാഞ്ഞിരമറ്റം കെ.എസ്‌.ആര്‍.ടി.സി സര്‍വീസ് - കെ.എസ്‌.ആര്‍.ടി.സി പ്രതിസന്ധി

നീണ്ട 48 വര്‍ഷത്തിലധികമായി മുടക്കമില്ലാതെ സര്‍വീസ് നടത്തുന്ന പാലാ-കാഞ്ഞിരമറ്റം കെ.എസ്‌.ആര്‍.ടി.സി ബസ്.

പ്രതിസന്ധികള്‍ക്കിടയിലും തളരാതെ പാലാ-കാഞ്ഞിരമറ്റം കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്

By

Published : Oct 5, 2019, 5:27 PM IST

കോട്ടയം:കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി മൂലം പല സര്‍വീസുകളും മുടങ്ങുമ്പോഴും 48 വര്‍ഷത്തിലധികമായി തുടര്‍ച്ചയായി ഓടുകയാണ് പാലാ-കാഞ്ഞിരമറ്റം കെ.എസ്‌ആര്‍.ടി.സി ബസ്. അരനൂറ്റാണ്ട് മുമ്പ് യാത്രാക്ലേശം രൂക്ഷമായിരുന്ന സമയത്തായിരുന്നു കാഞ്ഞിരമറ്റം പള്ളി വികാരിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ബസ് സര്‍വീസിനായുള്ള ആവശ്യമുന്നയിച്ചത്. പള്ളി മൈതാനിയില്‍ ബസ് പാര്‍ക്കിങിന് സൗകര്യവും ജീവനക്കാര്‍ക്ക് കിടപ്പുസൗകര്യവും തയാറാക്കിയതോടെ ബസ് ഓടിത്തുടങ്ങി. അന്നുമുതല്‍ ഇന്ന് വരെ അധികൃതരുടെ പിന്തുണക്കൊപ്പം നാട്ടുകാരുടെ സ്‌നേഹവാത്സല്യങ്ങളും ഏറ്റുവാങ്ങിയാണ് ബസ് മുടങ്ങാതെ സര്‍വീസ് നടത്തുന്നത്.

പുലര്‍ച്ചെ 5.30നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 9.30 വരെ പാലാ-കാഞ്ഞിരമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്നു. ദിവസേനയുള്ള ഒമ്പത് ട്രിപ്പുകളിലായി പതിനായിരത്തോളം രൂപയാണ് ദിവസവരുമാനം. അരുണാപുരം, മുത്തോലി, ബ്രില്യന്‍റ്, മേവട വഴിയില്‍ ആയിരത്തോളം യാത്രക്കാരാണ് നിത്യവും ബസിനെ ആശ്രയിക്കുന്നത്. കിടങ്ങൂര്‍ സ്വദേശി ഹരിദാസും രാമപുരം സ്വദേശി സ്റ്റീഫനുമാണ് ബസിന്‍റെ വളയം പിടിക്കുന്നവര്‍. രതീഷും രാമചന്ദ്രനുമാണ് കണ്ടക്‌ടര്‍മാര്‍. നാട്ടുകാരുടെ സ്‌നേഹവും സഹകരണവുമാണ് ഏറ്റവും വലിയ പിന്തുണയെന്ന് ഇവര്‍ പറയുന്നു.

നാട്ടുകാരുടെ സ്‌നേഹം അവര്‍ സ്റ്റിക്കര്‍ വര്‍ക്കുകള്‍ ചെയ്‌ത് ബസ് മനോഹരമാക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നു. ബസില്‍ യാത്രക്കാര്‍ കയറേണ്ട ആവശ്യകതയും പോസ്റ്റര്‍ രൂപത്തില്‍ ഒട്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പാലാ-കാഞ്ഞിരമറ്റംകാരുടെ സ്വന്തം ബസായി മാറുകയാണ് ആര്‍.എന്‍.ഇ 205 എന്ന രജിസ്ട്രേഷനിലുള്ള ഈ ബസ്.

പ്രതിസന്ധികള്‍ക്കിടയിലും തളരാതെ പാലാ-കാഞ്ഞിരമറ്റം കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്

ABOUT THE AUTHOR

...view details