കെ എം മാണി ഇല്ലാത്ത പാലയുടെ വിധി എഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. ചൂടേറിയ പ്രചാരണങ്ങളെല്ലാം കൊട്ടി കലാശിച്ചു. ആര് വീഴും ആര് വാഴും എന്നതിലപ്പുറം രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്, കെ എം മാണി എന്ന പാലായുടെ മാണി സാർ ഉയർത്തിയ ആധിപത്യം ഇത്തവണ തകർന്നടിയുമോ എന്നതാണ്.
മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും പാളയത്തിലെ പടയുമെല്ലാം ഇക്കുറി അത്രമേൽ വെല്ലുവിളിയാണ് യുഡിഎഫിന്, അതിലുപരി കേരള കോൺഗ്രസിന് തങ്ങളുടെ ഉരുക്ക് കോട്ടയിൽ ഉയർത്തുന്നത്. ചരിത്രം പരിശോധിച്ചാൽ പാലായ്ക്ക് പറയാനുള്ളത്, കേരള കോൺഗ്രസിന്‍റെയും കെ എം മാണിയുടെയും മാത്രം കഥയാണ്.
1965 ൽ പാല നിയോജക മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇന്നോളം കെ എം മാണിക്ക് പകരം മറ്റൊരു പേരും പാലായുടെ ചരിത്രത്തിൽ ഉയർന്നിട്ടില്ല. 65 മുതൽ 82 വരെ കേരള കോൺഗ്രസിന്‍റെ ഭാഗമായും 87 മുതൽ കേരളം കോൺഗ്രസ് എമ്മിന്‍റെ ഭാഗമായപ്പോഴുമെല്ലാം പാലായ്ക്ക് മാണി എന്നല്ലാതെ മറ്റൊരു പേരുണ്ടായിട്ടില്ല. 13 തവണയാണ് മണ്ഡലത്തിൽ നിന്നും കെ എം മാണി തെരഞ്ഞെടുക്കപ്പെട്ടത്. പി സി ജോർജ് ഉൾപ്പടെയുള്ളവർ ഇടഞ്ഞപ്പോഴും മണ്ഡലത്തിൽ കേരള കോൺഗ്രസ് ഉലയാതിരുന്നത് മാണി എന്ന രാഷ്ട്രീയ തന്ത്രജ്ഞൻ മുന്നിൽ നിന്നത് കൊണ്ടു മാത്രം. 2016ൽ ആഞ്ഞടിച്ച ബാർകോഴ വിവാവദങ്ങൾക്ക് പോലും പാലായിൽ നിന്നു മാണിയെ പറിച്ചു കളയനായില്ല. എന്നാൽ ഇക്കുറി കാര്യങ്ങൾ വ്യത്യസ്തമാണ് പാലായിൽ മാണിയുടെ ഭൂരിപക്ഷം എത്ര എന്നു മാത്രം ഉറ്റു നോക്കിയവർ പാലായിൽ കേരളാ കോൺഗ്രസിന് മുകളിൽ മറ്റൊരു ചരിത്രം പിറക്കുമോ എന്ന് കാത്തിരിക്കുന്നു.
കെ എം മാണിയുടെ വിയോഗത്തോടെ കേരള കോൺഗ്രസിലുണ്ടായ ഭിന്നിപ്പ് അത്രമേൽ വിള്ളലാണ് പാലായെന്ന കോൺഗ്രസിന്‍റെ ഉരുക്ക് കോട്ടയിൽ വീഴ്‌ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 54 വർഷത്തെ ആധിപത്യത്തിന് ഇളക്കം തട്ടാതെ നോക്കുക എന്നത് കോൺഗ്രസിന് ഏറെ വെല്ലു വിളിയാണ്. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ ത്രസിപ്പിക്കുന്ന വിജയം കോൺഗ്രസ് ക്യാമ്പിന് ആശ്വാസം പകരുന്നു. കെ എം മാണിയുടെ വിശ്വസ്തനായ ജോസ് ടോമിന്‍റെ സ്ഥാനർഥിത്വവും കെ എം മാണിയോടുള്ള പാലായുടെ സ്നേഹവും ഏത് പ്രതിസന്ധിക്ക് മുകളിലും കോൺഗ്രസിന് ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാന സർക്കാരിനെതിരെയുള്ള അക്രമങ്ങൾക്ക് ഒപ്പം ശബരിമല വിധിയും അവസാന മണിക്കൂറുകളിൽ കോൺഗ്രസ് മൂർച്ചയുള്ള പ്രചാരണ ആയുധമാക്കിയതും പാലാ എന്ന കരുത്ത് കൈവിട്ടു പോകരുതെന്ന് ഉറപ്പിച്ചു തന്നെ.
മൂന്നു തവണ കെ എം മാണിയോട് തോറ്റെങ്കിലും നാലാം അങ്കത്തിൽ പാലായുടെ മനസ് ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാർഥി മാണി സി കാപ്പൻ. സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ എടുത്ത് പറഞ്ഞ് പ്രചരണം അവസാനിപ്പിക്കുമ്പോഴും കേരള കോൺഗ്രസിലെ ഭിന്നത തന്നെയാണ് ഇടത് ക്യാമ്പുകളിൽ പ്രതീക്ഷ നൽകുന്ന ഏറ്റവും പ്രധാന ഘടകം. കേരള കോൺഗ്രസിലെ വോട്ടു ചോർച്ചയും അനുകൂല ഘടകമായി മുന്നണി വിലയിരുത്തുന്നു.
2011ൽ 5259 ലേക്ക് കുറഞ്ഞ കെ എം മാണിയുടെ ഭൂരിപക്ഷം 2016ൽ 4703 ആയി കുറഞ്ഞു. അതു കൊണ്ടു തന്നെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തവണ പാലായിൽ പുതിയ ചരിത്രം കുറിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്.