കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ജോസ് ടോം പുലിക്കുന്നേല്‍ മത്സരിക്കും. ജോസ് ടോം പുലിക്കുന്നേലിന്‍റെ പേര് തോമസ് ചാഴികാടൻ അധ്യക്ഷനായ ഏഴംഗ സമിതിയാണ് നിർദ്ദേശിച്ചത്. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ് ജോസ് ടോം. മീനച്ചില്‍ പഞ്ചായത്ത് അംഗമായും മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.
ജോസ് ടോമിനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന് പിജെ ജോസഫ് ആദ്യം വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ട് യുഡിഎഫ് യോഗ തീരുമാനം അറിയിച്ചതോടെ ജോസഫ് നിലപാട് മാറ്റി. യുഡിഎഫ് സ്ഥാനാർഥിയെ അംഗീകരിക്കുമെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിനും കേരളാ കോൺഗ്രസ് തർക്കപരിഹാരത്തിനുമായി ചേർന്ന യുഡിഎഫ് യോഗത്തിലാണ് അന്തിമ തീരുമാനമായത്. നേരത്തെ നിഷാ ജോസ് കെ മാണിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള ജോസ് കെ മാണി പക്ഷത്തിന്‍റെ ശ്രമം പരാജയപ്പെട്ടിരുന്നു.