കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് കൊടിയിറങ്ങിയപ്പോള്‍ രസകരമായ പന്തയങ്ങള്‍ക്കും നാട് സാക്ഷ്യം വഹിച്ചു. 54 വർഷമായി കേരളാ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പാലാ മണ്ഡലം ചതിക്കില്ലെന്ന് വിശ്വസിച്ച കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.സി കുഞ്ഞുമോന് നഷ്‌ടമായത് സ്വന്തം തലമുടിയാണ്.
പാലായും കേരള കോൺഗ്രസും ചതിച്ചു; കുഞ്ഞുമോൻ തല മൊട്ടയടിച്ചു - പാലാ ഉപതെരഞ്ഞെടുപ്പ്
വിജയം ഉറപ്പെന്ന കേരളാ കോൺഗ്രസ് നേതാക്കളുടെ വാക്ക് വിശ്വസിച്ച് പന്തയം വെച്ചതാണ് കേരളാ കോൺഗ്രസിന്‍റെ സജീവ പ്രവര്‍ത്തകനായ കുഞ്ഞുമോൻ. പന്തയം തോറ്റതോടെ തല മൊട്ടയടിച്ച് വാക്ക് പാലിച്ചിരിക്കുകയാണ് ഇയാൾ.
വിജയം ഉറപ്പെന്ന കേരളാ കോൺഗ്രസ് നേതാക്കളുടെ വാക്ക് വിശ്വസിച്ച് പന്തയം വെച്ചതാണ് കെ.ടി.യു.സി (എം) പാലാ നിയോജക മണ്ഡലം സെക്രട്ടറിയായ കുഞ്ഞുമോൻ. ജോസ് ടോം പരാജയപ്പെട്ടാൽ കവലയില്‍ വച്ച് പരസ്യമായി മൊട്ടയടിക്കും എന്നായിരുന്നു പന്തയം. സൗഹൃദ സദസിലാണ് ബന്ധുവും ഇടത് അനുഭാവിയുമായ താണോലിൽ ബിനോയിയുമായി പന്തയം ഉറപ്പിച്ചത്. ഈ രംഗങ്ങൾ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ഇപ്പോൾ പന്തയത്തില്‍ പരാജയപ്പെട്ട കുഞ്ഞുമോൻ തല മൊട്ടയടിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. നാല് പതിറ്റാണ്ടായി കേരള കോൺഗ്രസിൽ പ്രവർത്തിക്കുന്ന കുഞ്ഞുമോന്‍ ആദ്യമായാണ് പന്തയം വക്കുന്നത്. ആദ്യ പന്തയം തന്നെ തോറ്റെങ്കിലും പാർട്ടിയിൽ സജീവമായി തന്നെ ഉണ്ടാകുമെന്ന് കുഞ്ഞുമോന്‍ പറഞ്ഞു. പാലാ വിളക്കം മരുത് ഓട്ടോറിക്ഷ ഡ്രൈവറായ കുഞ്ഞുമോന്‍ കെ.ടി.യു.സി (എം) കണ്‍വീനർ കൂടിയാണ്.