പാലാ : പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം ശക്തമാക്കി മുന്നണികള്‍. പ്രമുഖ രാഷ്ട്രീയ നേതാക്കളെ രംഗത്തിറക്കിയാണ് പ്രചരണ പരിപാടികള്‍ നടത്തുന്നത്. പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുബയോഗങ്ങളും ഭവന സന്ദർശനവും രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
പാലായില്‍ ഉപതിരഞ്ഞെടുപ്പ് ചൂട്; പ്രചാരണത്തില്‍ മുന്നണികൾ ഒപ്പത്തിനൊപ്പം
വോട്ട് പിടിക്കാൻ പ്രമുഖ നേതാക്കള്‍ പാലായിലേക്ക്. എംപിമാരും മന്ത്രിമാരും പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. സ്ഥാനാർഥി പര്യടനം പുരോഗമിക്കുന്നു.
യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം, കരൂർ രാമപുരം പഞ്ചായത്തുകളിലെ നാൽപത് കേന്ദ്രങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക. കരൂർ പഞ്ചായത്തിലെ അന്തീനാട്ടിൽ നിന്ന് തുടങ്ങുന്ന പര്യടനം ഏഴാേച്ചരി രാജീവ് നഗറില്‍ അവസാനിക്കും. എംപിമാരായ കെ.മുരളീധരൻ, പികെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.
എൻഡിഎ സ്ഥാനാർഥി എൻ.ഹരിയുടെ രണ്ടാം ഘട്ട മണ്ഡലം പര്യടനം മുത്തോലി പഞ്ചായത്തിലെ മീനച്ചിലിൽ തുടങ്ങി കൂരാലിയിൽ അവസാനിക്കും. ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോദര്‍ പങ്കെടുക്കും. എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പന്‍റെ പ്രചരണ പരിപാടിയില്‍ മന്ത്രിമാരായ എ.കെ ബാലൻ, തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ, ഇ പി ജയരാജൻ എന്നിവര്‍ പങ്കെടുക്കും.