കോട്ടയം:വർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്‌മസിന് പുൽക്കൂടുണ്ടാക്കാൻ നിർമിച്ച ഗുഹ, ഇന്ന് വീടിന്‍റെ തന്നെ ഭാഗമായിരിക്കുകയാണ്. കുറവിലങ്ങാട്ടെ സി.ആർ. വർഗീസിന്‍റെ 'ചാരുത' എന്ന വീടിന്‍റെ പടിയിറങ്ങി ചെന്നാൽ ഗുഹയാണ്. എന്നാൽ ലൈറ്റും ഫാനും കൂളറും ശുചി മുറിയുമടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട് ഇവിടെ.
കൗതുകലോകമായി പാടി
'പാടി' എന്ന് പേരിട്ടിരിക്കുന്ന ഗുഹ പണ്ട് മേസ്‌തിരിപ്പണിക്കാരനായിരുന്ന വർഗീസ് തന്നെ കൊത്തിയുണ്ടാക്കിയതാണ്. പുൽക്കൂടിനായുണ്ടാക്കിയ ഗുഹ പിന്നീട് വലുതാക്കി വാഹനം പാര്‍ക്കുചെയ്യാൻ ഉപയോഗിച്ചു. കുറേനാള്‍ ചെറിയ കടയായി പ്രവര്‍ത്തിച്ചു. ഈയിടെയാണ് ഗുഹ താമസസ്ഥലമാക്കാം എന്ന ആശയം ഉദിക്കുന്നത്.
പുൽക്കൂടൊരുക്കാൻ നിർമിച്ച ഗുഹ, വിശ്രമമുറിയായി മാറിയപ്പോൾ... എട്ട് അടി നീളവും എട്ടടി വീതിയുമാണ് ഗുഹയ്‌ക്ക്. 75000 രൂപയാണ് പാടിയുടെ നിർമാണച്ചെലവ്. വീടിന് ബലക്ഷയം വരാതിരിക്കാൻ ഗുഹയുടെ കവാടത്തിന് മുകളിൽ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. രണ്ടോ മൂന്നോപേര്‍ക്ക് സുഖമായി നിലത്ത് പായ വിരിച്ചു കിടന്നുറങ്ങാം. ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയ ഷെല്‍ഫില്‍ പഴമനിറഞ്ഞ വസ്‌തുക്കളുടെ ശേഖരവുമുണ്ട്.
ഗുഹാവാസം ആരോഗ്യകരമെന്ന് വർഗീസ്
മാർത്താണ്ഡം കുളച്ചൽ സ്വദേശിയായ വർഗീസ് 1985ൽ മേസ്‌തിരി പണിക്കായി കുറവിലങ്ങാട്ട് എത്തിയതായിരുന്നു. പിന്നെ ഇവിടെ സ്ഥിരതാമസക്കാരനായി. ഗുഹയിലെ വാസം ആരോഗ്യം നൽകുമെന്നും അസുഖങ്ങൾ തടയുമെന്നും വർഗീസ് പറയുന്നു. ഇപ്പോള്‍ വര്‍ഗീസിന്‍റെ വിശ്രമവും ഇവിടെ തന്നെ. ഏതായാലും കുറവിലങ്ങാട്ട് എത്തുന്നവർക്ക് ഒരു കൗതുകക്കാഴ്‌ചയായി മാറിയിരിക്കുകയാണ് പാടി.