കോട്ടയം:സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ. മൃതദേഹ സംസ്‌കാരം സംബന്ധിച്ച ഓർഡിനൻസ് സമൂഹത്തിൽ അരാജകത്വം സൃഷ്‌ടിക്കുമെന്നും എല്ലാ ക്രൈസ്‌തവ സഭകളെയും നിയമം ബാധിക്കുമെന്നും ഓർത്തഡോക്‌സ് സഭാ വക്താക്കള്‍ പറഞ്ഞു. കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സഭാ വക്താക്കൾ.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ - കോട്ടയം
മൃതദേഹ സംസ്‌കാരം സംബന്ധിച്ച ഓർഡിനൻസ് സമൂഹത്തിൽ അരാജകത്വം സൃഷ്‌ടിക്കുമെന്നും എല്ലാ ക്രൈസ്‌തവ സഭകളെയും നിയമം ബാധിക്കുമെന്നും ഓർത്തഡോക്‌സ് സഭ
ഓർഡിനൻസിന്‍റെ ബലത്തിൽ കഴിഞ്ഞ ദിവസം വരിക്കോലി പള്ളിയിൽ നടന്ന സംസ്‌കാരം ഏകപക്ഷീയ നടപടിയാണെന്നാണ് സഭയുടെ വാദം. ജനാധിപത്യം എന്തെന്ന് ഭരിക്കുന്നവർക്ക് അറിയില്ലെന്നും സർക്കാർ ആർക്കോ വേണ്ടി പ്രവർത്തിക്കുകയാണെന്നും സഭാ വക്താക്കള്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധി മറികടക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ് ഓർഡിനൻസിന് പിന്നിലെന്നും സഭാ സുനഹദോസ് സെക്രട്ടറി യുഹനാൻ മാർ ദിയസ് കോറസ് മെത്രാപ്പോലീത്ത ആരോപിച്ചു.
സുപ്രീം കോടതി വിധി മറികടന്ന് പള്ളികളിൽ സമാന്തര ഭരണം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓർത്തഡോക്‌സ് സഭയ്ക്ക് അടി കിട്ടിയതിൽ സന്തോഷിക്കുന്നവർ ഭാവിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും സഭാ വക്താക്കൾ പറഞ്ഞു. മറ്റു സഭകളുമായ് ചേർന്നുള്ള പ്രതിഷേധങ്ങൾ ഉണ്ടാവില്ല. ഓർഡിനൻസിനെ നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി.