കോട്ടയം:സംസ്ഥാനത്ത് ഇടതു തുടർഭരണം ഉണ്ടാകുമെന്ന സർവേ ഫലം പുറത്തു വന്നതോടെ പ്രതിപക്ഷ നേതാവിനു ഭയമായെന്നു മന്ത്രി കെ.കെ ശൈലജ. സർവേകൾക്കെതിരെ ഇപ്പോൾ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവെന്നും ബദൽ സർവേ പുറത്ത് വിട്ടിരിക്കുകയാണ് യുഡിഎഫ് എന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന് ഭയമെന്ന് മന്ത്രി കെ.കെ ശൈലജ ഇടതു മുന്നണി അധികാരത്തിൽ വന്നപ്പോൾ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയെങ്കിൽ യുഡിഎഫ് അധികാരമൊഴിഞ്ഞപ്പോൾ പ്രകടനപത്രിക തന്നെ പിൻവലിക്കുകയാണുണ്ടായതെന്ന് കെ.കെ ശൈലജ കൂട്ടിച്ചേർത്തു. വാഗ്ദാനങ്ങളിൽ 580 എണ്ണം നടപ്പാക്കി. അവശേഷിക്കുന്ന 20 എണ്ണം പൂർത്തീകരണത്തിന്‍റെ പാതയിലാണ്. ഈ 600 വാഗ്ദാനങ്ങൾക്ക് അപ്പുറം നാല് മിഷനുകളിലൂടെ ഒട്ടനേകം വികസന പദ്ധതികളും സർക്കാർ നടപ്പാക്കിയെന്നും ശൈലജ ടീച്ചർ പറഞ്ഞു.
ഇടതു സർക്കാർ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർണമാക്കാൻ ശ്രമിച്ചു. എന്നാൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങളൊന്നും തന്നെ നടപ്പാക്കാൻ കഴിയാതെയാണ് അധികാരമൊഴിഞ്ഞത്. ജനങ്ങളുടെ ചോദ്യം ഭയന്ന് അന്നത്തെ പ്രകടന പത്രിക തന്നെ വെബ് സൈറ്റിൽ നിന്നും യുഡിഎഫ് നീക്കം ചെയ്തുവെന്നും ശൈലജ ടീച്ചർ പറഞ്ഞു.
ഏറ്റുമാനൂരിലെ ഇടതു സ്ഥാനാർഥി വി.എൻ വാസവന്‍റെ പ്രചാരണാർഥം കോട്ടയം ഗാന്ധിനഗറിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എൽഡിഎഫ് സ്ഥാനാർഥികളായ വി.എൻ വാസവൻ, അഡ്വ .കെ.അനിൽ കുമാർ എന്നിവരുടെ പ്രചരണത്തിനായി തയ്യാറാക്കിയ ഗാനങ്ങളുടെ സി ഡി പ്രകാശനവും ഷൈലജ ടീച്ചർ നിർവഹിച്ചു. പി.ജി സുഗത കുമാരൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി വി.എൻ വാസവൻ, കെ. സുരേഷ് കുറുപ്പ് എംഎൽഎ, നേതാക്കളായ കെ.എൻ വേണുഗോപാൽ, ബിനു ബോസ്, എം.കെ സാനു, ജോസഫ് ചാവറ, ജെയിംസ് കുര്യൻ, ആര്യ രാജൻ, കെ.വി ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.