കോട്ടയം:ഉമ്മൻ ചാണ്ടിയുടെ ചിത്രം കോണ്‍ഗ്രസിന്റെ ബഫർസോൺ പ്രതിഷേധ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് ചോദ്യം ചെയ്ത മനുകുമാറിന് മര്‍ദനം. കല്ലുകൊണ്ട് പുറത്ത് ഇടിച്ചു യൂത്ത് കോൺഗ്രസ് നേതാവിനെ മർദച്ചത് ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന് ആണെന്നാണ് ആരോപണം. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്തതിനാണ് കോട്ടയം ഡിസിസി പ്രസിഡൻ്റ് അനുകൂലിയായ ലിബിൻ തന്നെ മർദിക്കാൻ കാരണമെന്ന് മനു ആരോപിച്ചു.
പരിക്കേറ്റ മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചൊവ്വാഴ്ച കോരുത്തോട് പഞ്ചായത്തിൽ നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, ചെന്നിത്തലയ്ക്ക് പുറമെ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, തിരുവഞ്ചൂർ രാധക്യഷ്ണന്‍, കെ.സി ജോസഫ് എന്നിവരും ജില്ലയിലെ മറ്റ് കെപിസിസി ഭാരവാഹികളുടെ ചിത്രങ്ങളും പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്.