കോട്ടയം: സിപിഎം ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി മൂലേടത്ത് സ്ഥാപിച്ചിരുന്ന സ്‌തൂപം തകർത്ത കേസിൽ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്ന് മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയം ജില്ലയിൽ പലയിടത്തും കോൺഗ്രസിന്‍റെ ഓഫിസുകളും കൊടിമരങ്ങളും നശിപ്പിച്ചിട്ട് പൊലീസ് ഒരു കേസ് പോലുമെടുത്തിട്ടില്ല. പൊലീസ് നീതിബോധമില്ലാതെയാണ് പെരുമാറുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സിപിഎമ്മിന്‍റെ സ്‌തൂപം തകർത്ത സംഭവം; കോട്ടയം ഡിസിസി പ്രസിഡൻ്റിനെതിരെ കള്ളക്കേസെടുത്തെന്ന് ഉമ്മൻ ചാണ്ടി പൊലിസിന്‍റെ ഏകപക്ഷീയമായ നടപടിയുടെ ഉദാഹരണമാണ് ഈ കേസ് എന്നും ഡിസിസി പ്രസിഡന്‍റ് നിയമപരമായി നേരിടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വി.എസ് അച്യുതാനന്ദനുമായുള്ള കേസിൽ വിജയിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നൽകിയ സ്വീകരണത്തിന്‍റെ വേളയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
സ്‌തൂപം തകർത്ത കേസിൽ ഡിസിസി പ്രസിഡന്‍റ് അടക്കം രണ്ട് പേർക്കെതിരെയാണ് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്. കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മറിയപ്പള്ളിയെ അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച രാവിലെ രാഹുലിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും പങ്കടുത്തതായി വിവരം ലഭിച്ചതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്തൂപം തകർത്ത സംഭവത്തിൽ പങ്കില്ലയെന്നും കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു.
Also Read: 4.5 കോടി കുട്ടികൾ വാക്‌സിനെടുത്തു, കൊറോണക്കെതിരായ പോരാട്ടം വിജയകരം; മൻ കീ ബാത്തിൽ പ്രധാനമന്ത്രി