കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫില്‍ ധാരണ പിശകില്ലെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫിൽ ഒരു ധാരണ പിശകും ഇല്ലാത്ത ഫോർമുലയായിരിക്കും ഉണ്ടാക്കുകയെന്നും എല്ലാ ഘടക കക്ഷികളുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കോളർഷിപ്പിനെക്കുറിച്ചുള്ള സർക്കാരിന്‍റെ 80:20 എന്ന ഫോർമുലയെ എന്തുകൊണ്ട് യുഡിഎഫ് എതിർത്തില്ലെന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ ചോദ്യത്തിന് പാലൊളി തന്നെയാണ് ഈ ഫോർമുല കൊണ്ടുവന്നതെന്ന് ഓർമിച്ചാൽ മതിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Also read: ന്യൂനപക്ഷ സ്‌കോളർഷിപ്പ്: യുഡിഎഫില്‍ അവ്യക്തതയില്ലെന്ന് കെ സുധാകരൻ
സ്കോളർഷിപ്പ് സംബന്ധിച്ച് സർക്കാരിന്‍റെ തീരുമാനത്തിലൂടെ മുസ്ലിം സമുദായത്തിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ അഭിപ്രായത്തെ തള്ളി മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്തെത്തി.
ന്യൂനപക്ഷ സ്കോളർഷിപ്പിൽ യുഡിഎഫില്‍ അവ്യക്തതയില്ലെന്നും ഓരോരുത്തരും വ്യഖ്യാനിച്ചതിൽ വന്ന പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും അഭിപ്രായം രണ്ടു ദിവസത്തിനകം അറിയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.