കോട്ടയം: തിരുവോണം അടുത്തെത്തിയതോടെ പൂവിപണി ഉണർന്നു. കോട്ടയം തിരുന്നക്കരയിലെ വഴിയോരത്തെല്ലാം വിപണി സജീവമായിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പൂക്കളുടെ വസന്തം നഗരത്തെ വര്‍ണാഭമാക്കുന്നത്.
പല നിറത്തിലുള്ള പൂക്കളുമായി തമിഴ്‌നാട്ടിൽ നിന്നെത്തിയ കച്ചവടക്കാരാണ് വഴിയോര വിപണിയില്‍ ഏറെയും. വിവിധ വ്യാപാര സ്ഥാപനങ്ങളിലും, ഓഫിസുകളിലും ഓണാഘോഷം ആരംഭിച്ചു. ഇതോടെ പൂ വിപണിയിൽ തിരക്കുമായി. എന്നാൽ പൂക്കള്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നതാണ് വാങ്ങാനെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നത്.
സുലഭമായി പൂക്കൾ ഉണ്ടെങ്കിലും ആവശ്യക്കാർ കൂടുതലായതിനാൽ അവസരം മുതലാക്കുകയാണ് കച്ചവടക്കാരെന്ന് പൂവ് വാങ്ങാനെത്തുന്നവർ പറയുന്നു. പൂക്കള്‍ക്ക് ദിവസം തോറും വില കൂടുന്നതിനാൽ ആഘോഷം ബജറ്റില്‍ ഒതുങ്ങില്ലെന്നാണ് പൂക്കള്‍ വാങ്ങാനെത്തുന്നവര്‍ പറയുന്നത്.