കേരളം

kerala

ETV Bharat / state

വീടിന്‍റെ മുന്‍വശത്ത് ഇരിക്കവെ വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു - kottayam kanjirappally

കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് ഇന്ന് വൈകിട്ടാണ് ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് വയോധികന്‍ മരിച്ചത്

ഇടിമിന്നലേറ്റ് മരിച്ചു  old man dies after lightning strike  kanjirappally kottayam  വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു  കോട്ടയത്ത് വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു  കോട്ടയം കാഞ്ഞിരപ്പള്ളി  kottayam kanjirappally
വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു

By

Published : May 21, 2023, 10:57 PM IST

കോട്ടയം:വീടിന്‍റെ മുന്‍വശത്ത് ഇരിക്കുകയായിരുന്ന വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരനാണ് (64) മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പീതാംബരന്‍ വീട്ടില്‍ തനിച്ചായിരുന്നു.

തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് വയോധികനെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്‍റെ ഇലക്ട്രിക് വയറിങും ഉപകരണങ്ങളും ഭിത്തിയും തറയും തകര്‍ന്നു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം പിന്നീട്. ഭാര്യ: കുട്ടിയമ്മ. മക്കള്‍: ശ്രീജ, ലിജ, നിജ. മരുമക്കള്‍: സതീഷ് (രാമപുരം), അനീഷ് (രാമപുരം), പരേതനായ ഷിബു.

വേനൽമഴ, നാശനഷ്‌ടം: മെയ് 18ന് കോട്ടയത്ത് ഉണ്ടായ വേനൽമഴയിൽ കനത്ത നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മഴയ്‌ക്കൊപ്പം എത്തിയ കാറ്റിൽ ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും വന്‍ നാശനഷ്‌ടമാണ് ഉണ്ടായത്. മരം വീണതിനെ തുടര്‍ന്ന് നാല് പേർക്ക് പരിക്കേറ്റു. റോഡുകളിലേക്ക് മരം വീണതോടെ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഏഴ് കെട്ടിടങ്ങൾക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

ALSO READ |ഇടിച്ചുകുത്തി വേനൽ മഴ: കോട്ടയം ഈരാറ്റുപേട്ടയിൽ കനത്ത നാശം; വൈദ്യുതി ബന്ധം പൂർണമായി വിച്‌ഛേദിക്കപ്പെട്ടു

നൂറിലധികം വൈദ്യുതി പോസ്റ്റുകൾ തകർന്ന് വീണു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട സ്ഥിതിയുണ്ടായി. കെഎസ്ഇബി ജീവനക്കാർ എത്തിയ ശേഷം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് തടസം നീക്കിയത്. കാലവർഷം എത്തും മുൻപുതന്നെ കേരളത്തിൽ വേനൽ മഴ കനക്കുന്ന സ്ഥിതിയാണുള്ളത്.

തേക്കുമരം കടപുഴകി വീണു, മൂന്നുപേര്‍ക്ക് പരിക്ക്:മെയ്‌ 19ന് കോട്ടയത്തുണ്ടായ വേനൽമഴയിലും വൻ നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഉച്ചയ്ക്ക് ശേഷം മഴയ്‌ക്കൊപ്പമെത്തിയ അതിശക്തമായ കാറ്റിൽ ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായത്. വീശിയടിച്ച കാറ്റിൽ മരം വീണ് നാല് പേർക്കാണ് പരിക്കേറ്റത്. മഴയിൽ ആറ് വീടുകൾക്കും മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി. ഈരാറ്റുപേട്ട, തലപ്പലം, കൊണ്ടൂർ വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

ALSO READ |വയനാട്ടിൽ കനത്ത മഴയും കാറ്റും; ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ഈരാറ്റുപേട്ട മുട്ടം കവലയ്ക്ക് സമീപം തേക്കുമരം കടപുഴകി വീണ് ഓട്ടോ ഡ്രൈവർ പത്താഴപ്പടി പുത്തൻ വീട്ടിൽ ഫാറൂൺ (19), യാത്രക്കാരൻ കാരയ്ക്കാട് മുഹമ്മദ് ഇസ്‌മായിൽ (68) എന്നിവർക്ക് പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഇസ്‌മായിലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ ഫ്ലെക്‌സ് ബോർഡുകൾ, പോസ്‌റ്റുകൾ എന്നിവ കാറ്റത്ത് തകർന്നുവീണതായും റിപ്പോര്‍ട്ട് ചെയ്‌തു. പാല, കാഞ്ഞിരപ്പള്ളി, തൊടുപുഴ റോഡുകളിൽ മരംവീണതിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു.

ABOUT THE AUTHOR

...view details