കോട്ടയം:ജാതി സെൻസസിനെതിരെ വീണ്ടും രംഗത്തെത്തി എന്‍എസ്എസ്. പെരുന്നയില്‍ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന് എന്‍എസ്എസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത് (NSS Resolution against Caste Census). വിവിധ ജാതികൾ തമ്മിലുള്ള സ്‌പർധയ്‌ക്കും വർഗീയതയ്‌ക്കും ജാതി സെന്‍സസ് കാരണമാകും എന്നും പ്രമേയം പറയുന്നു.
ജാതി തിരിച്ചുള്ള സെൻസസ് നടപടികളിൽ നിന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പിന്മാറണം. ഭരണഘടന അനുശാസിക്കുന്ന തുല്യത, ജാതി-മത വ്യത്യാസമില്ലാതെ എല്ലാവർക്കും ലഭ്യമാക്കുകയായിരുന്നു ഭരണഘടന ശിൽപികളുടെ ലക്ഷ്യം. സംവരണം ഉള്ളവരും സംവരണം ഇല്ലാത്തവരും പരസ്‌പരം ശത്രുക്കളായി മാറുന്ന സവർണ, അവർണ സംസ്‌കാരം വളർത്തുന്നതിന് ആധാരം ജാതി സംവരണമാണെന്നും ഇത് രാജ്യത്തിന് ഗുണകരമല്ലെന്നും എൻ എസ് എസ് കുറ്റപ്പെടുത്തി.