കോട്ടയം :സ്‌പീക്കർ എഎൻ ഷംസീറിന്‍റെ വിവാദ ഗണപതി പരാമർശത്തിൽ പരസ്യ പ്രതിഷേധവുമായി എൻഎസ്‌എസ്. ഷംസീറിന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ച് നാളെ (ഓഗസ്റ്റ് 2) വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കരയോഗ ഭാരവാഹികളോട് ആവശ്യപ്പെട്ടു.
ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്‌പീക്കർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിൻമേൽ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനെ നിസാരവൽക്കരിച്ചുകൊണ്ടുള്ള നിലപാട് ബന്ധപ്പെട്ടവരിൽ നിന്നുമുണ്ടായെന്ന് ആരോപിച്ചുമാണ് നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എൻഎസ്‌എസ് തീരുമാനിച്ചത്.
പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർഥിക്കുകയും ചെയ്യണം. ഇതിന്‍റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
ഗണപതി വെറും മിത്ത് മാത്രമാണെന്ന് സ്‌പീക്കര്‍ ഒരു വേദിയില്‍ സംസാരിക്കവെ വിവരിച്ച ഭാഗമാണ് വിവാദമായത്. പ്ലാസ്‌റ്റിക് സര്‍ജറിയുടെ ആദ്യ രൂപമാണ് ഗണപതിയെന്ന് പ്രധാനമന്ത്രി ശാസ്‌ത്ര കോണ്‍ഗ്രസ് വേദിയില്‍ പറഞ്ഞതിനെ തള്ളിക്കൊണ്ടാണ് ഷംസീർ ഈ പ്രസ്‌താവന നടത്തിയത്. ഇതിനെതിരെയാണ് സംഘപരിവാർ ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തിയത്.
എഎൻ ഷംസീറിന്‍റെ പ്രസ്‌താവന - 'ഗണപതിയും പുഷ്‌പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന്‍റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണ്.
അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്‌റ്റിക് സർജറി ചെയ്‌തതായി പഠിപ്പിക്കുന്നു. പുഷ്‌പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം'.