കേരളം

kerala

ETV Bharat / state

എന്‍എസ്‌എസിനെതിരെ പരാമര്‍ശം; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജി. സുകുമാരന്‍ നായര്‍

രാഷ്‌ട്രീയമായി എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍ തന്നെയാണ്. എന്‍എസ്എസിനെയോ നേതൃത്വത്തിനെയോ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്നേ പറയാനുള്ളുവെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

കോട്ടയം  NSS general secretary g sukumaran nair  കോട്ടയം ജില്ലാ വാര്‍ത്തകള്‍  ജി. സുകുമാരന്‍ നായര്‍  മുഖ്യമന്ത്രിക്ക് മറുപടിയുമായി ജി. സുകുമാരന്‍ നായര്‍  g sukumaran nair  kottayam latest news'
എന്‍എസ്‌എസിനെതിരെ പരാമര്‍ശം; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജി. സുകുമാരന്‍ നായര്‍

By

Published : Mar 24, 2021, 5:31 PM IST

കോട്ടയം: സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെയോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എന്‍എസ്എസ് ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്‌ട്രീയമായി എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് ജി സുകുമാരന്‍ നായര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇപ്പോഴത്തെ സര്‍ക്കാറിനോട് പ്രധാനമായി എന്‍എസ്എസ് ആവശ്യപ്പെട്ടത് ആകെ മൂന്നു കാര്യങ്ങളാണ്.

ശബരിമലയിലെ യുവതീപ്രവശനം സംബന്ധിച്ച് വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണം. ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 10% സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം. സാമൂഹ്യ പരിഷ്‌കര്‍ത്താവും സമുദായ ആചാര്യനുമായ ശ്രീ മന്നത്ത് പത്മനാഭന്‍റെ ജന്മദിനം കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത്, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ്‌സ് ആക്‌ടിന്‍റെ പരിധിയില്‍കൂടി ഉള്‍പ്പെടുത്തണം. എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ സംബന്ധിച്ചാണ് എന്‍എസ്എസ് പ്രതികരിച്ച് കൊണ്ടിരിക്കുന്നത്.

അതില്‍, ശബരിമലയിലെ യുവതീ പ്രവേശനവിഷയം ഇപ്പോഴും എവിടെ നില്‍ക്കുന്നു എന്ന് ജനങ്ങള്‍ക്കറിയാം. 10 ശതമാനം സാമ്പത്തിക സംവരണം ഇന്ത്യന്‍ ഭരണഘടനാ ഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവില്‍ വന്നത്. അത് കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള കമ്മിഷന്‍റെ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനു ശേഷം 2020 ജനുവരി മൂന്നിനാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്നും എന്‍എസ്എസ് നേതാവ് വ്യക്തമാക്കി. അതിന്‍റെ അടിസ്ഥാനത്തില്‍ സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുത്തി 2020 ഫെബ്രുവരി 12 ന് ഉത്തരവ് പുറപ്പെടുവിച്ചുവെന്നും എന്നാല്‍ എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആന്‍റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഭേദഗതി വരുത്തി 2020 ഒക്‌ടോബര്‍ 23 ന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവായത്.

10 % സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കി എന്ന് സര്‍ക്കാര്‍ ഘോരഘോരം അവകാശപ്പെടുമ്പോഴും, മുന്നാക്ക സമുദായപട്ടിക നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ സാമ്പത്തിക സംവരണത്തിന്‍റെ പ്രയോജനം ഈ വിഭാഗത്തിന് ഇന്നേവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

മന്നം ജയന്തിദിനമായ ജനുവരി 2 നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ്സ് ആക്‌ടിന്‍റെ പരിധിയില്‍ കൂടി ഉള്‍പ്പെടുന്ന അവധിദിനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പല തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും വൈകാരികമായ ഈ വിഷയത്തെ നിസാരമായി കണ്ട് എന്‍എസ്എസിന്‍റെ ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയാണുണ്ടായത്. ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്‌ട്രീയമാണുള്ളത് എന്ന് രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്തി എന്‍എസ്എസിനെ വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കട്ടെ എന്നും ജി.സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. എന്‍എസ്എസിനെയോ നേതൃത്വത്തിനെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്നേ പറയാനുള്ളുവെന്നും ജി. സുകുമാരന്‍ നായര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details