കേരളം

kerala

ETV Bharat / state

ദേശാഭിമാനി ലേഖനത്തിനെതിരെ തുറന്നടിച്ച് എന്‍എസ്എസ് - ദേശാഭിമാനി

ദേശാഭിമാനി പത്രത്തില്‍ വിജയരാഘവന്‍റേതായി വന്ന ലേഖനം മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും അതില്‍ അടങ്ങിയിട്ടുള്ള പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് ജി സുകുമാരന്‍ നായര്‍

NSS  CPM  സിപിഎം  ജി സുകുമാരന്‍ നായര്‍  G Sukumaran Nair  ദേശാഭിമാനി  Deshabhamani
സിപിഎം മുഖപത്രത്തില്‍ വന്ന ലേഖനത്തിനെതിരെ തുറന്നടിച്ച് എന്‍എസ്എസ്

By

Published : Apr 16, 2021, 6:03 PM IST

കോട്ടയം: ദേശാഭിമാനിയില്‍ വന്ന ലേഖനത്തിനെതിരെ തുറന്നടിച്ച് എന്‍എസ്എസ്. 'സമുദായസംഘടനകളും ജനവിധിയും' എന്ന തലക്കെട്ടോടു കൂടി എ വിജയരാഘവന്‍റേതായി വന്ന ലേഖനം മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും അതില്‍ അടങ്ങിയിട്ടുള്ള പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം എന്‍എസ്എസിനോടു വേണ്ടായിരുന്നു. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ഇടനൽകാതെയും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പരമാവധി സഹകരണം നൽകിയുമുള്ള ഒരു സമീപനമാണ് എന്‍എസ്എസ് ആരംഭിച്ച കാലം മുതല്‍ സ്വീകരിച്ചു വരുന്നത് എന്ന കാര്യം ലേഖകന് ഒരു പക്ഷേ അറിയില്ലായിരിക്കും. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും ആര്‍എസ്എസ് പോലുള്ള സംഘടനകളുമായും സൗഹൃദം പങ്കിടുന്നതോടൊപ്പം എല്ലാവരുമായും തുല്യ അകലം പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് എന്‍എസ്എസ്. ഒരു സമുദായ സംഘടനയാണെങ്കില്‍ കൂടിയും ഒരു സാമൂഹ്യ സംഘടനയായി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിമര്‍ശിക്കാന്‍ ലേഖകന്‍ തയ്യാറായത് എന്‍എസ്എസ്സിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടും കേരളചരിത്രം പഠിക്കാത്തതുകൊണ്ടുമാണെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

എന്‍എസ്എസ് അന്യായമായ ഒരു ആവശ്യവും ഒരു സര്‍ക്കാരിനോടും ഉന്നയിക്കാറില്ല. ഈ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് മന്നത്തു പത്മനാഭന്‍റെ ജന്മദിനമായ ജനുവരി 2 നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ്സ് ആക്‌ടിന്‍റെ പരിധിയില്‍ വരുന്ന അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്നു മാത്രമാണ്. വെറും മുടന്തന്‍ ന്യായം പറഞ്ഞ് സര്‍ക്കാര്‍ ആ ആവശ്യം തള്ളുകയായിരുന്നു. വിശ്വാസസംരക്ഷണവും മുന്നാക്ക സംവരണവുമൊക്കെ എന്‍എസ്എസിന്‍റെ മാത്രം ആവശ്യമല്ല, പൊതുസമൂഹത്തെ ബാധിക്കുന്നവയാണ്. ഇക്കാര്യങ്ങളിലും ഒന്നുമാവാത്ത അവസ്ഥയാണുള്ളതെങ്കില്‍ പോലും ഈ സര്‍ക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളിലോ എതെങ്കിലും വിവാദങ്ങളിലോ ഇടപെടാനോ അഭിപ്രായം പറയാനോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ല എന്ന കാര്യം ഓര്‍ക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു.

തെരഞ്ഞെടുപ്പു ദിവസം വോട്ടുചെയ്തു മടങ്ങവേ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നൽകിയ മറുപടി വലിയ ചര്‍ച്ചയ്ക്ക് ഇടയായി. മാധ്യമങ്ങള്‍ ചോദിച്ചതിനു മറുപടിയായി പറഞ്ഞതില്‍ രാഷ്ട്രീയമോ മതപരമോ ജാതീയമോ ആയതൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. യഥാര്‍ഥത്തില്‍ ഈ വിഷയത്തെ ദേവനും ദേവഗണങ്ങളും ആരാധനാമൂര്‍ത്തികളും ആയി ബന്ധപ്പെടുത്തി മത സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രിയുടെ തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനമാണ്. അതിന്‍റെ ചുവടുപിടിച്ച് ഇടുപക്ഷനേതാക്കള്‍ നടത്തിയ പ്രസ്താവനകളെല്ലാം തന്നെ അര്‍ഹിക്കുന്ന അവഗണനയോടെ എന്‍എസ്എസ് തള്ളിക്കളഞ്ഞിട്ടുള്ളതാണെന്നും ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details