കോട്ടയം:നെല്ല് സംഭരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നിശ്ചയിച്ചിരുന്ന ചര്‍ച്ച നടന്നില്ല. എറണാകുളത്താണ് സിഎംഡി പങ്കെടുക്കുന്ന ചര്‍ച്ച തീരുമാനിച്ചിരുന്നത്. എന്നാല്‍ സിഎംഡി പങ്കെടുക്കാതെ വന്നതോടെ സമരത്തിലേക്ക് കടക്കാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. നെല്ല് സംഭരിക്കണമെന്ന ആവശ്യവുമായി രാപ്പകൽ സമരം നടത്തുമെന്ന് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി അറിയിച്ചു.
നെല്ല് സംഭരണത്തില്‍ ചർച്ച ഉണ്ടായില്ല; കർഷകർ പ്രക്ഷോഭത്തിലേക്ക്
നെല്ല് സംഭരിക്കണമെന്ന ആവശ്യവുമായി നാളെ മുതൽ കോട്ടയം സപ്ലൈക്കോ ഓഫീസിന് മുൻപിൽ രാപ്പകൽ സമരം ആരംഭിക്കുമെന്ന് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി അറിയിച്ചു
അപ്പർ കുട്ടനാടൻ മേഖലകളിലെ പാടശേഖരങ്ങളിൽ നിന്നും നെല്ല് സംഭരിക്കാൻ മില്ലുകൾ തയാറായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കർഷകർ കോട്ടയത്ത് പാഡി ഓഫീസറെ ഉപരോധിച്ചിരുന്നു. സിഎംഡിയുമായി അടുത്ത ദിവസം ചർച്ച നടത്തി നെല്ല് എടുക്കാമെന്ന് അധികൃതർ നൽകിയ ഉറപ്പിനെ തുടർന്നാണ് കർഷകർ അന്ന് സമരം അവസാനിപ്പിച്ചത്.
20 ദിവസത്തിലധികമായി ടൺ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുകയാണ്. മൂന്ന് കിലോ കിഴിവ് നൽകാമെന്ന് പറഞ്ഞിട്ടും നെല്ലെടുക്കാൻ മില്ലുടമകൾ തയാറാകുന്നില്ല. ഇതിൽ പ്രതിഷേധിച്ച് നാളെ മുതൽ കോട്ടയം സപ്ലൈക്കോ ഓഫീസിനു മുൻപിൽ രാപ്പകൽ സമരം ആരംഭിക്കുമെന്ന് സംഘടനയുടെ രക്ഷാധികാരിയായ മോഹൻ സി ചതുരച്ചിറ പറഞ്ഞു.