കേരളം

kerala

ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പ്; നിഷ ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം നിഷ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ജോസ് കെമാണി പക്ഷം നിര്‍ദേശിക്കുമെന്നാണ് സൂചനകള്‍.

By

Published : Aug 30, 2019, 12:51 PM IST

Updated : Aug 30, 2019, 3:07 PM IST

നിഷാ ജോസ് കെ മാണി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാൻ സാധ്യത

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കെഎം മാണിയുടെ പിന്മുറക്കാരിയായി നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാർഥിയാകാനുള്ള സാധ്യതയേറുന്നു. പാലായിൽ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം നിഷയെ കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണി പക്ഷം സ്ഥാനാര്‍ഥിയായി നിർദേശിക്കുമെന്നാണ് സൂചനകൾ. മാണി കുടുംബത്തിൽ നിന്ന് തന്നെയുള്ളയാൾ പാലായിൽ സ്ഥാനാർഥിയാകണമെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ സമ്മർദ്ദമാണ് നിഷയുടെ സ്ഥാനാർഥിത്വത്തിന് പിന്നിൽ. നിലവിലെ സാഹചര്യത്തിൽ രാജ്യസഭാ അംഗത്വം രാജിവച്ച് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ മാണിക്ക് സാധിക്കാത്തതും നിഷയുടെ സ്ഥാനാര്‍ഥിത്വത്തിന് സാധ്യത കൂട്ടി.

ജോസ് കെ. മാണി വിഭാഗം യൂത്ത്ഫ്രണ്ടും നിഷ ജോസ് കെ മാണിക്കായി രംഗത്തുണ്ട്. ഇ ജെ അഗസ്തി അടക്കമുള്ള മുതിർന്ന നേതാക്കളെ പിൻതള്ളിയാണ് നിഷാ ജോസ് കെ മാണി സ്ഥാനാർഥിത്വത്തിലേക്ക് എത്തുന്നത്. എന്നാൽ മാണി കുടുംബത്തിൽ നിന്നുള്ളയാളെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി ജെ ജോസഫ് വിഭാഗം. നിഷയുടെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന് ജോസഫ് വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളിലാരെങ്കിലും സ്ഥാനാർഥിയാകട്ടെയെന്നും ജോസഫ് പറഞ്ഞിരുന്നു. ജോസ് കെ. മാണി പക്ഷത്തിന്‍റെ നീക്കത്തിൽ ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം നിർണായകമാകും.

Last Updated : Aug 30, 2019, 3:07 PM IST

ABOUT THE AUTHOR

...view details