തിരുവനന്തപുരം: കുട്ടനാടൻ പാടശേഖരങ്ങളിൽ കാലം തെറ്റി പെയ്യുന്ന മഴ വില്ലനായതുപോലെ തിരുവനന്തപുരം വെള്ളായണി നിലമക്കരി പാടശേഖരത്തിലും കൊയ്ത്തിന് വില്ലനാകുകയാണ് വേനൽകാലത്തെ അതിവർഷം. നെൽക്കതിരുകൾ വിളഞ്ഞ് പാകമായിട്ടും കൊയ്യാനാകാത്ത ദുരിതത്തിലാണ് കർഷകർ. വെള്ളവും ചെളിയും തങ്ങിനിൽക്കുന്ന പാടത്തിൽ കൊയ്ത്ത് യന്ത്രം ഇറക്കാനാകാത്ത സ്ഥിതിയാണ്.
വേനല്‍ മഴ വില്ലനായി; കൊയ്‌ത്ത് നടത്താനാകാതെ നിലമക്കരി പാടശേഖരം
21 ഹെക്‌ടറില്‍ ഇറക്കിയ കൃഷിയില്‍ 15 ഹെക്‌ടറും വിളവെടുപ്പിന് പാകമായി. എന്നാല്‍ വെള്ളവും ചെളിയും കാരണം കൊയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.
നിലമക്കരി പാടത്തിൽ ഇത്തവണ 21 ഹെക്‌ടറിൽ 27 പേർ ചേർന്നാണ് കൃഷിയിറക്കിയത്. ഇതിൽ 15 ഹെക്‌ടറോളം വിളവിന് പാകമായി. വെള്ളമുണ്ടെങ്കിലും കൊയ്ത്തുകാരുണ്ടെങ്കിൽ വിളവെടുക്കാം, എന്നാൽ ഭീമമായ തുക കൂലിയായി നൽകേണ്ടി വരുമെന്നതിനാൽ കർഷകർ ആശങ്കയിലാണ്.
ഒരേക്കർ നെൽപാടം കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്യുമ്പോൾ 5000 മുതല്‍ 6000 രൂപ വരെയാണ് ചെലവ്. എന്നാൽ ആളുകളെ ഉപയോഗിച്ച് കൊയ്യുമ്പോൾ ഒരേക്കറിൽ 30 കൊയ്ത്തുകാരെങ്കിലും വേണ്ടിവരും. ഒരാൾക്ക് 1000 രൂപ വെച്ച് കൂലി നൽകുമ്പോൾ 30,000 രൂപയോളം അധിക ചെലവുണ്ടാകും. ഇത് സാധാരണ കർഷകർക്ക് താങ്ങാനാകില്ല. ഒരേക്കർ പാടത്തെ നെല്ല് വിറ്റാൽ 22,000 രൂപ മാത്രമാണ് കിട്ടുന്നതെന്നും കർഷകർ പറയുന്നു.
നിലമക്കരി പാടശേഖര സമിതി കൃഷി ഭവനും നഗരസഭയുമായി ബന്ധപ്പെട്ടപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് കൊയ്ത്തിന് സഹായം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ല. ചെളിയിലും വെള്ളത്തിലും ഇറക്കാനാകുന്ന കൊയ്ത്ത് യന്ത്രം എത്തിച്ച് വിളവെടുക്കാനുള്ള ശ്രമത്തിലാണ് പാടശേഖര സമിതിയെന്ന് സെക്രട്ടറി ബി.ആർ ബിജു പറഞ്ഞു.
Also Read:വീട്ടുമുറ്റത്തെ പൂന്തോട്ടം പച്ചപിടിച്ചില്ല, മുറ്റം നെല്‍പ്പാടമാക്കി സെബാസ്റ്റ്യൻ തോമസ്
കൊയ്ത്തിലൂടെയുണ്ടാകുന്ന ഭീമമായ നഷ്‌ടം ഭയന്ന് പല കർഷകരും വിളവെടുപ്പിന് തയ്യാറാകുന്നില്ല. എന്നാൽ നാല് മാസത്തെ പരിശ്രമം പാഴാക്കിക്കളയാനില്ലെന്നാണ് മനോജിനെ പോലുള്ള കർഷകർക്ക് പറയാനുള്ളത്. നഷ്‌ടം സഹിച്ചും വിളവെടുക്കാനാണ് ഇവരുടെ തീരുമാനം.