കോട്ടയം :കഴിഞ്ഞ ദിവസം ജലഗതാഗത വകുപ്പിന്‍റെ മുഹമ്മ സ്റ്റേഷനില്‍ എത്തിയ യാത്രക്കാർ ചെറുതായൊന്ന് അമ്പരന്നു. ഇന്നലെ വരെ കണ്ടതല്ല, ഇക്കാണുന്നത്, ആകെയൊരു മാറ്റം... ഒറ്റനോട്ടത്തില്‍ കപ്പലോടിക്കുന്ന കപ്പിത്താൻ മുന്നില്‍ നില്‍ക്കുന്നു. മറ്റ് ജീവനക്കാരുടെ വേഷത്തിലും മാറ്റം... കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സംഗതി ക്ലിയറായത്... ജലഗതാഗത വകുപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുകയാണ്. അതിന്‍റെ ഭാഗമായുള്ള യൂണിഫോം പരിഷ്‌കരണമാണിത്.
സംസ്ഥാന ജലഗതാഗത വകുപ്പ് നിർദേശിച്ച ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരണം നടപ്പിലാക്കിയിരിക്കുകയാണ് മുഹമ്മ സ്റ്റേഷൻ. പുത്തൻ വേഷത്തിൽ മുഹമ്മ ജലഗതാഗത വകുപ്പ് സ്റ്റേഷനിലെ ജീവനക്കാർ ഇന്നലെ ആദ്യ ഡ്യൂട്ടി ചെയ്‌തു. ഇന്നലെ രാവിലെ 10 മണി ഷെഡ്യൂളിലാണ് പുത്തൻ യൂണിഫോമായി എസ് 55 നമ്പർ ബോട്ടിൽ ജീവനക്കാർ എത്തിയത്.
തസ്‌തിക വ്യത്യാസമില്ലാതെ കാക്കി നിറത്തിലെ വേഷം ധരിച്ചെത്തിയ ജീവനക്കാർ യാത്രക്കാർക്ക് വേറിട്ട കാഴ്‌ച നൽകി. ബോട്ടിന്‍റെ ക്രൂ എന്നറിയപ്പെടുന്ന ബോട്ട് മാസ്റ്റര്‍, ഡ്രൈവര്‍, സ്രാങ്ക്, ലാസ്‌കര്‍ തസ്‌തികകളില്‍ യൂണിഫോമിന്‍റെ നിറം ഏകീകരിച്ചും മറ്റ് തസ്‌തികകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള യൂണിഫോം പരിഷ്‌കരണവുമാണ് വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്. വേഷം കാക്കി നിറത്തിലാണെങ്കിലും തസ്‌തികയുടെയും കാറ്റഗറി കോഡിന്‍റെയും അടിസ്ഥാനത്തില്‍ ഷര്‍ട്ടിന്‍റെ ഫ്‌ലാപ്പില്‍ ലൈനുകളും, സ്റ്റാറുകളും പതിച്ചിട്ടുണ്ട്.
കൂടാതെ, ജീവനക്കാരന്‍റെ പേരും തസ്‌തികയും രേഖപ്പെടുത്തിയ നെയിം പ്ലേറ്റും പുതിയ വേഷത്തിന്‍റെ സവിശേഷതയാണ്. ഒറ്റ നോട്ടത്തില്‍ കപ്പിത്താന്മാരുടെ വേഷവുമായി സാദൃശ്യം തോന്നുന്ന തരത്തിലാണ് പരിഷ്‌കരിച്ച യൂണിഫോം.