കോട്ടയം :മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ഉടൻ നിര്‍മിക്കണമെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. 128 വർഷം പഴക്കമുള്ള ഡാം പൊളിച്ചുപണിയില്ലെന്ന് നിലപാടെടുത്ത പിണറായി കേരളത്തിന്‍റെ ശത്രുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭ സബ്‌ജക്‌ട് കമ്മിറ്റിയും പരാതികൾ സംബന്ധിച്ച സമിതിയും ഡാം സന്ദർശിച്ച വിദഗ്‌ധരും എത്രയും വേഗം പുതിയ ഡാം നിർമിക്കണമെന്ന് ശുപാർശ ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:മുല്ലപ്പെരിയാർ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി,കേസ് നാളത്തേക്ക് മാറ്റി
കേരളത്തിലെ എല്ലാ പാർട്ടികളിലെയും നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ സ്ഥലമുണ്ട്. ഇതിനാലാണ് തമിഴ് നാടിനെതിരായി സംസാരിക്കാൻ ഇവർ മടിക്കുന്നത്. മോന്‍സണ്‍ മാവുങ്കലുമായി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ബന്ധം ക്രൈം ബ്രാഞ്ച് അന്വേഷിക്കണം.
മോന്‍സണിന്‍റെ വീട്ടിൽ എം.എൽ.എയും ഭാര്യയും നിത്യ സന്ദർശകരായിരുന്നുവെന്നും പിസി ജോര്‍ജ് അരോപിച്ചു. കൂവപ്പള്ളിയിലെ ബോഡ് കമ്പനി ആരുടേതാണെന്ന് എല്ലാവർക്കുമറിയാം. തിരുവനന്തപുരം മേയറെ കുറിച്ചുള്ള കെ മുരളീധരന്‍റെ പരാമർശം അനാവശ്യമായിരുന്നു. മേയർക്ക് സൗന്ദര്യമുണ്ട് എന്ന് പറഞ്ഞത് സമ്മതിക്കാം, പിന്നീട് പറഞ്ഞ കാര്യം ഒഴിവാക്കണമായിരുന്നു.
സ്ത്രീകളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നും പി.സി ജോർജ് ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എങ്കിലും അനുപമ പറയുന്ന ചില കാര്യങ്ങളിൽ സത്യസന്ധത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.