കോട്ടയം: എൻസിപി അധ്യക്ഷസ്ഥാനത്തില്‍ അവസാനഘട്ട ചർച്ചകൾക്കായി എൻസിപി സംസ്ഥാന നേതൃത്വത്തെ മുബൈയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. എകെ ശശീന്ദ്രനും മാണി സി. കാപ്പനുമടക്കം എട്ട് പേരോടാണ് വ്യാഴാഴ്ച്ച മുബൈയിലെത്താൻ നിർദേശിച്ചത്. അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കേയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ. പീതാംബരൻ മാസ്റ്റർ, വർക്കല രവികുമാർ, പികെ രാജൻ മാസ്റ്റർ, എൻഎ മുഹമ്മദ്, ബാബു കാർത്തികേയൻ, ജോസ് മോൻ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ അടിയന്തര ഇടപെടല്‍.
എൻസിപി അധ്യക്ഷസ്ഥാനം; സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം - കോട്ടയം
കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ അടിയന്തര ഇടപെടല്‍
തോമസ് ചാണ്ടിയുടെ മരണത്തോടെയുണ്ടായ അധ്യക്ഷ സ്ഥാനത്തെ വിടവ് നികത്തുന്നതുമായി ബന്ധപ്പെട്ട് എകെ ശശീന്ദ്രനും മാണി സി. കാപ്പനും ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മന്ത്രി പദവി വിട്ടു നൽകാതെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കാം എന്നാണ് എകെ ശശീന്ദ്രൻ പക്ഷത്തിന്‍റെ നിലപാട്. എന്നാൽ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന് മാണി സി. കാപ്പൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാണി സി. കാപ്പനെ മന്ത്രിസ്ഥാനത്ത് എത്തിക്കണമെന്ന എൽഡിഎഫ് വികാരം നിലനിൽക്കെ എകെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി മാണി സി. കാപ്പന് മന്ത്രിപദവി ലഭിക്കത്തക്കവിധമുള്ള സമവായത്തിനാകും കേന്ദ്ര നേതൃത്വം ശ്രമിക്കുക. ഈ സമവായം ഫലവത്തായില്ലെങ്കിൽ താൽക്കാലിക അധ്യക്ഷനായുള്ള പീതാംബരൻ മാസ്റ്റർ സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരും.