കോട്ടയം : തങ്ങളെ വിട്ടുപിരിഞ്ഞ മകന്‍റെ ജീവനെ തൊട്ടറിഞ്ഞ് നേവിസ് സാജന്‍റെ മാതാപിതാക്കള്‍. കണ്ടുനിന്നവരെ കണ്ണീരണിയിച്ച് നേവിസിന്‍റെ മാതാപിതാക്കളും അവയവങ്ങൾ സ്വീകരിച്ചവരും കോട്ടയത്ത് ഒത്തുചേര്‍ന്നു. കഴിഞ്ഞ വർഷം മരിച്ച നേവിസിന്‍റെ ഓർമയ്ക്കായി നുവോ ഫൗണ്ടേഷന്‍ എന്ന പേരില്‍ കുടുംബം ആരംഭിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തിനും കോട്ടയം മാമ്മൻ മാപ്പിള ഹാൾ വേദിയായി.
രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ മൂലം കഴിഞ്ഞ സെപ്‌റ്റംബർ 24 നാണ് കളത്തിപ്പടി സ്വദേശി നേവിസ് സാജന്‍ മരിച്ചത്. മസ്‌തിഷ്‌ക മരണം സംഭവിച്ച് നേവിസ് ആശുപത്രിയിൽ കഴിയുമ്പോഴാണ് അവയവ ദാനത്തിന് മാതാപിതാക്കൾ സമ്മതം നൽകിയത്. നേവിസിന്‍റെ കണ്ണുകൾ, കൈകൾ, വൃക്കകൾ, കരൾ, ഹൃദയം എന്നിവ ഏഴുപേർക്ക് പുതുജീവന്‍ നൽകി.
മരണം കവർന്നെടുത്തിട്ടും ഏഴുപേർക്ക് ജീവനായി നേവിസ് ഏഴുപേർക്ക് പുതുജീവന്‍ :നേവിസിന്‍റെ ഹൃദയം സ്വീകരിച്ച കണ്ണൂർ സ്വദേശി പ്രേം ചന്ദ് (56), കരൾ സ്വീകരിച്ച നിലമ്പൂർ സ്വദേശി വിനോദ് ജോസഫ് (44), കൈകൾ സ്വീകരിച്ച കർണാടകയിലെ ബെല്ലാരി സ്വദേശി ബസവന ഗൗഡ (34), വൃക്കകൾ സ്വീകരിച്ച മലപ്പുറം സ്വദേശി അൻഷിഫ് (17), തൃശൂർ സ്വദേശി ബെന്നി (46), കണ്ണ് സ്വീകരിച്ച വാകത്താനം സ്വദേശി ലീലാമ്മ തോമസ് (70) എന്നിവരാണ് നേവിസിന്‍റെ അച്ഛൻ സാജൻ മാത്യുവിനെയും അമ്മ ഷെറിൻ ആനിയെയും കാണാനെത്തിയത്.
അരിമില്ലിൽ തൊഴിലാളിയായിരുന്ന ബസവന ഗൗഡയുടെ കൈകൾ യന്ത്രത്തിൽ കുടുങ്ങിയാണ് നഷ്‌ടപ്പെട്ടത്. 11 കൊല്ലം കൈകളില്ലാതെ വിഷമിച്ച ബസവനയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. മകന്‍റെ കൈകൾ നേരിട്ട് തൊട്ടറിയാനായി ഒന്നര വർഷമായി ബസവനയെ കൊച്ചിയിൽ താമസിപ്പിച്ചിരിക്കുകയാണ് നേവിസിന്‍റെ കുടുംബം. ബസവനയുടെ മുഴുവന്‍ ചെലവും സാജൻ മാത്യു ഏറ്റെടുത്തിട്ടുണ്ട്.
മാസത്തിലൊരിക്കല്‍ മകന്‍റെ അവയവം സ്വീകരിച്ചവരെ പോയി കാണാനും സാജനും ഷെറിനും സമയം കണ്ടെത്താറുണ്ട്. അവയവ ദാനത്തിന്‍റെ മഹത്വം സമൂഹത്തിന് പകർന്ന് നല്‍കാനും നേവിസിന്‍റെ പേരിൽ കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങാനുമാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. തിരുവല്ല പുഷ്‌പഗിരി ആശുപത്രിയുമായി സഹകരിച്ച് 500 പേർക്ക് സൗജന്യ ഡയാലിസിസ് നൽകാനുള്ള തുകയും ചടങ്ങിൽ കൈമാറി. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ഡോ. വി നന്ദകുമാർ, ഡോ. രാമചന്ദ്രൻ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.