കോട്ടയം: 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി ദേശീയ പതാകകൾ തയ്യാറാക്കുന്ന തിരക്കിലാണ് കോട്ടയം കിടങ്ങൂരിലെ കുടുംബശ്രീ പ്രവർത്തകർ. കുടുംബശ്രീയുടെ കിടങ്ങൂരിലെ അപ്പാരൽ പാർക്കിലാണ് ദേശീയ പതാക തയാറാക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി ഓഗസ്‌റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ ഓഫിസുകളിലും വീടുകളിലും ദേശീയപതാക ഉയർത്തുന്നതിനായി വിതരണം ചെയ്യാനാണ് കുടുംബശ്രീ പ്രവർത്തകർ പതാക തയാറാക്കുന്നത്.
ഹർ ഘർ തിരംഗ: ദേശീയ പതാകയുടെ നിർമാണ തിരക്കിൽ കോട്ടയത്തെ കുടുംബശ്രീ പ്രവർത്തകർ
'ഹർ ഘർ തിരംഗ'യുടെ ഭാഗമായി ദേശീയ പതാകകൾ തയ്യാറാക്കുന്നത് കോട്ടയത്തെ കുടുംബശ്രീ പ്രവർത്തകരാണ്. ഓഗസ്‌റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ ഓഫിസുകളിലും വീടുകളിലും ദേശീയപതാക ഉയരും.
രണ്ട് ലക്ഷം ദേശീയപതാകയാണ് കുടുംബശ്രീ കോട്ടയം ജില്ലയിൽ നിർമിച്ച് വിതരണം ചെയ്യുക. ദേശീയ പതാകയുടെ തയ്യൽ ജോലികൾ 20 പേരടങ്ങുന്ന കിടങ്ങൂരിലെ യൂണിറ്റാണ് ചെയ്യുന്നത്. കോട്ടൺ, പോളിസ്‌റ്റർ തുണികളിലാണ് ദേശീയ പതാക നിർമിച്ചിരിക്കുന്നത്. പ്രിന്‍റ് ചെയ്‌ത് വരുന്ന പതാകയുടെ അരിക് തുന്നി, പതാക ചരടിൽ കോർക്കാനുള്ള വള്ളി തുന്നി ചേർക്കുന്ന ജോലിയാണ് കുടുംബശ്രീ അംഗങ്ങൾ ചെയ്യുന്നത്.
ഓഗസ്‌റ്റ് 15 ന് മുൻപ് പതാകയുടെ തുന്നൽ പണികൾ പൂർത്തിയാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കും. മൂന്ന് ദിവസം മുൻപാണ് പതാക തയാറാക്കാൻ ആരംഭിച്ചത്. പഞ്ചായത്ത് ഓഫിസുകൾ, സ്‌കൂളുകൾ, വീടുകൾ എന്നിവടങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ ഈ പതാകകൾ ഉയരും.