കോട്ടയം: ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പാലാ പൈക സ്വദേശി വിആര്‍ അഖിലിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജില്‍ ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിന് പോവുകയാണെന്ന തെറ്റിധരിപ്പിച്ചാണ് യുവാവ് ഓട്ടം വിളിച്ചത്.
ആശുപത്രിക്ക് സമീപമെത്തിയപ്പോൾ മെൻസ് ഹോസ്റ്റലിന് സമീപത്തെ എ ടൈപ്പ് ക്വാർട്ടേഴ്സ് റോഡിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ കഴുത്തിൽ പിടിച്ച് യുവാവ് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നുവെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു.
ഓട്ടോറിക്ഷ നിർത്തി പുറത്തേക്ക് ഓടി സമീപത്തെ കടയിലെത്തിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. തുടർന്ന് പൊലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചു. ഇതിനിടെ യുവാവ് ഓട്ടോ റിക്ഷ കത്തിക്കുകയായിരുന്നു. അതേസമയം കസ്റ്റഡിയിലെടുത്ത യുവാവിന് പൊള്ളലേറ്റിരുന്നതിനാല്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
also read: 'ഭക്ഷണം കഴിക്കുമ്പോൾ വികൃതികാട്ടി' ; രണ്ടാം ക്ലാസുകാരനെ തലകീഴായി തൂക്കി അധ്യാപകന്‍റെ ക്രൂരത
പൊള്ളൽ ഗുരുതരമല്ല. അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ഓട്ടോ പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശിയുമായി ഡ്രൈവർക്കുള്ള ഇടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ കൊടുത്തതാണെന്ന് സംശയിക്കുന്നതായി ഡിവൈഎസ്‌പി ജെ സന്തോഷ് പറഞ്ഞു.