സ്റ്റാലിനെ സ്വീകരിച്ച് പിണറായി കോട്ടയം :നവോത്ഥാന നായകന്‍ പെരിയാർ ഇവി രാമസാമി നായ്‌ക്കര്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യനീതിയുടെ പ്രത്യയശാസ്ത്രം വിജയിപ്പിക്കാന്‍ മതനിരപേക്ഷ, ജനാധിപത്യ ശക്തികള്‍ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിക്കും തൊട്ടുകൂടായ്‌മയ്‌ക്കും എതിരായ ചരിത്രപരമായ സമരമാണ് വൈക്കം സത്യഗ്രഹം. അത് രാജ്യത്തെ മുഴുവൻ പ്രചോദിപ്പിച്ചു.
വൈക്കം സത്യഗ്രഹം ഡോ. ബിആർ അംബേദ്‌കറെ 'മഹർ സമരം' ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദിപ്പിച്ചു. തമിഴ്‌നാട്ടിലെ ക്ഷേത്രപ്രവേശന സമരം ശക്തിപ്പെടുത്താനും അത് കാരണമായി. സത്യഗ്രഹത്തിന്‍റെ ശതാബ്‌ദി വിപുലമായി സംഘടിപ്പിച്ച കേരള സർക്കാരിന് തമിഴ് മക്കളുടെ പേരിൽ എംകെ സ്റ്റാലിന്‍ സന്ദിയറിയിക്കുകയും ചെയ്‌തു.
ALSO READ|ഗാന്ധിജിയെ അപമാനിച്ചിരുത്തിയ ഇണ്ടംതുരുത്തി മനയും വൈക്കം സത്യഗ്രഹവും: പോരാടി നേടിയത് ക്ഷേത്രവഴികളിലൂടെ അവർണർക്ക് നടക്കാനുള്ള അവകാശം മാത്രമായിരുന്നില്ല
തമിഴ്‌നാട്ടില്‍ നിയമസഭ സമ്മേളനമാണ്. എങ്കിലും ചടങ്ങില്‍ പങ്കെടുക്കണമെന്നത് തന്‍റെ അതിയായ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് എത്തിയത്. വൈക്കം സത്യഗ്രഹം എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം മാത്രമല്ല തമിഴ്‌നാടിനെ സംബന്ധിച്ചും മഹത്തായ ഒരു പോരാട്ടമാണ്. വൈക്കം സത്യഗ്രത്തിന്‍റെ ശതാബ്‌ദി ഇരുസംസ്ഥാനങ്ങളും ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താന്‍ നേരത്തേ പ്രകടിപ്പിച്ചിരുന്നു. ആഘോഷം അത്തരത്തില്‍ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹം തന്നെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഉടല്‍കൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്തകൊണ്ട് ഒന്നാണെന്നും എംകെ സ്റ്റാലിന്‍ വേദിയില്‍ പറഞ്ഞു.
എംകെ സ്റ്റാലിനെ സ്വീകരിച്ച് മുഖ്യമന്ത്രി :വൈക്കം സത്യഗ്രഹ ശതാബ്‌ദി ഉദ്ഘാടനത്തിനെത്തിയ എംകെ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. ശേഷം ഇരുവരും വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ നവോത്ഥാന നായകര്‍ക്ക് പുഷ്‌പാർച്ചന നടത്തി. വലിയകവലയിലെ വൈക്കം തന്തൈ പെരിയാർ സ്‌മാരകത്തിലെത്തിയ ഇരുവരും മഹാത്മാഗാന്ധി, പെരിയാർ, ടികെ മാധവൻ, മന്നത്ത് പദ്‌മനാഭൻ എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങളില്‍ പുഷ്‌പാർച്ചന നടത്തി.
പുറമെ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദ പണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടേയും നവോത്ഥാന നായകരുടേയും പ്രത്യേകം തയ്യാറാക്കിയ സ്‌മൃതി മണ്ഡപങ്ങളിലും ഇരുമുഖ്യമന്ത്രിമാരും പുഷ്‌പാർച്ചന നടത്തി. പുഷ്‌പാർച്ചനയ്ക്ക് ശേഷമാണ് ബീച്ചിൽ ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രിമാർ എത്തിയത്.
ALSO READ|വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷത്തിന് ശനിയാഴ്‌ച തുടക്കം ; പിണറായി വിജയനും എംകെ സ്റ്റാലിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും
ആയിരക്കണക്കിന് ആളുകളാണ് ചരിത്ര സമ്മേളനത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. ഇരുമുഖ്യമന്ത്രിമാരും ചേർന്ന് തിരിതെളിയിച്ച് ശതാബ്‌ദി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.