കോട്ടയം: ഗവർണർ ബോധപൂർവം ആസൂത്രിതമായി ചില കേന്ദ്രങ്ങളുടെ ചട്ടുകമായി മാറിക്കൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി വി എൻ വാസവൻ. ഗവൺമെന്‍റ് നിയമം പാസാക്കി അയച്ചാൽ അത് ഒപ്പിട്ട് ദൗത്യം നിർവഹിക്കുക എന്നത് ഭരണഘടനാപരമായ അദ്ദേഹത്തിന്‍റെ ചുമതലയാണ്. അദ്ദേഹം ആ ചുമതല നിർവഹിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഗവർണർ ഭരണഘടനേയും ജനങ്ങളേയും ആണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വൈരനിര്യാതന ബുദ്ധിയോടെ ഗവർണർ പെരുമാറുന്നു. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ബിൽ തടഞ്ഞുവെക്കേണ്ട കാര്യം ഗവർണർക്കില്ല. ബില്ലുകൾ ഗവർണർ ഒപ്പിട്ടേ തീരൂ. ഇല്ലെങ്കിൽ ഗവർണർ ബില്ലുകൾ തിരിച്ചയക്കട്ടെ. അതുവരെ കാത്തിരിക്കുകയാണ് സർക്കാർ ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.