കേരളം

kerala

ETV Bharat / state

ക്ഷീര കർഷകർക്കുള്ള സബ്‌സിഡി അടുത്ത മാസം അക്കൗണ്ടില്‍ : മന്ത്രി ജെ. ചിഞ്ചുറാണി

പാമ്പാടിയില്‍ പുതുതായി നിര്‍മിച്ച മൃഗാശുപത്രി കെട്ടിടം ഉദ്‌ഘാടനം ചെയ്തു. 24 മണിക്കൂറും ആശുപത്രിയില്‍ സേവനം ലഭ്യമാകും

ക്ഷീരകർഷകർക്കുള്ള സബ്സിഡി അടുത്ത മാസം അക്കൗണ്ടിലെത്തും: മന്ത്രി ജെ. ചിഞ്ചുറാണി  പാമ്പാടിയിലെ പുതിയ മൃഗാശുപത്രി ഉദ്‌ഘാടനം ചെയ്തു  മന്ത്രി ജെ ചിഞ്ചുറാണി  വി എന്‍ വാസവന്‍  ക്ഷീര സഹകരണ സംഘം  സബ്‌സിഡി  ക്ഷീര വികസന വകുപ്പ്  dairy farmers will get subsidy next month
പാമ്പാടിയിലെ പുതിയ മൃഗാശുപത്രി ഉദ്‌ഘാടനം ചെയ്തു

By

Published : Aug 1, 2022, 10:10 PM IST

കോട്ടയം : ക്ഷീര സഹകരണ സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ഒരു ലിറ്ററിന് നാലുരൂപ നിരക്കിൽ അടുത്ത മാസം തന്നെ അക്കൗണ്ടുകളിൽ എത്തുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാമ്പാടി ഗ്രാമപഞ്ചായത്തിൽ 70 ലക്ഷം രൂപ ചെലവില്‍ നിർമിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മൃഗാശുപത്രികൾ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും അവ സ്ഥാപിക്കും.

എല്ലാ മൃഗാശുപത്രികളിലും വെറ്ററിനറി-സീനിയർ വെറ്ററിനറി ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കും. ഡോക്‌ടര്‍മാരില്ലാത്ത സ്ഥലങ്ങളിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്കും വെറ്ററിനറി ആംബുലൻസുകൾ നൽകുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കി ഉടൻ വിതരണം ചെയ്യും.

പാമ്പാടിയിലെ പുതിയ മൃഗാശുപത്രി ഉദ്‌ഘാടനം ചെയ്തു

എല്ലാ ജില്ലകളിലും ഒരു കോടി രൂപ ചെലവിൽ ടെലി വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിക്കും. കിസാൻ റെയിൽ പദ്ധതി വഴി കേന്ദ്ര സർക്കാരിന്‍റെ സഹായത്തോടെ കാലിത്തീറ്റ ട്രെയിൻ മാർഗം എത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നതോടെ വില വീണ്ടും കുറയുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ സഹകരണത്തോടെ കേരളത്തിലെ മുഴുവൻ പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൃഗാശുപത്രിയില്‍ കർഷകര്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കാന്‍ നിര്‍മിച്ച ഹാളിന്‍റെ ഉദ്ഘാടനം സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ക്ഷീരമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ക്ഷീര സംഘങ്ങളുടെ അധികാര സ്ഥാനത്ത് ക്ഷീരകർഷകർ മാത്രമേ പാടുള്ളൂ എന്ന നിയമം നടപ്പാക്കാനായതും ഭരണസമിതികളിൽ ഭൂരിഭാഗം വരുന്ന ക്ഷീരകർഷകരായ സ്ത്രീകളെ ഉൾപ്പെടുത്താനായതും സർക്കാരിന്‍റെ നേട്ടമാണ്.

ആധുനിക സൗകര്യങ്ങളോട് കൂടിയ മൃഗാശുപത്രികൾ സ്ഥാപിക്കുന്നതിലൂടെ എല്ലാ ജീവജാലങ്ങളോടും സർക്കാർ കാണിക്കുന്ന കരുതലാണ് വെളിവാകുന്നതെന്നും മന്ത്രി പറഞ്ഞു. പാമ്പാടി കുറിയൂർ കുന്നിൽ ബി.എസ്.എൻ.എൽ. ഓഫീസിന് സമീപത്തുള്ള പഞ്ചായത്തിന്‍റെ ഏഴ് സെന്‍റ് സ്ഥലത്താണ് ആശുപത്രി കെട്ടിടം നിർമിച്ചിരിക്കുന്നത്. 24 മണിക്കൂറും ആശുപത്രിയിൽ സേവനം ലഭ്യമാണ്.

ലബോറട്ടറി, ക്ഷീരകർഷകർക്ക് ബോധവത്കരണ ക്ലാസുകൾ നൽകുന്നതിനുള്ള ഹാൾ, ഫാർമസി എന്നീ സംവിധാനങ്ങൾ ഇവിടെയുണ്ട്. യോഗത്തിൽ ഉമ്മൻ ചാണ്ടി എം.എൽ.എ. അധ്യക്ഷത വഹിച്ചു. മൃഗ സംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.

also read:'പാലിന് വില വര്‍ധിപ്പിക്കണം, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം'; ആവശ്യവുമായി ക്ഷീരകര്‍ഷകര്‍

കെ.എ.പി.സി.ഒ.എസ് പ്രസിഡന്‍റ് കെ.എം.രാധാകൃഷ്‌ണൻ കോൺട്രാക്റ്ററെ ആദരിച്ചു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഡാലി റോയി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ എബ്രഹാം, ജില്ല പഞ്ചായത്തംഗം രാധ വി. നായർ, പാമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരി, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഇ.എസ്. സാബു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ സി.എം. മാത്യു തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 'മൃഗ സംരക്ഷണ മേഖലയിലെ സാധ്യതകൾ' എന്ന വിഷയത്തിൽ ഡോ. ടി.കുര്യാക്കോസ് മാത്യു ക്ലാസെടുത്തു.

ABOUT THE AUTHOR

...view details