കോട്ടയം: രാജ്യത്ത് പാല്‍ ഉത്പാദനത്തില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പഞ്ചാബിനെ പിന്തള്ളി കേരളം ഒന്നാമതെത്തുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പുമന്ത്രി ജെ.ചിഞ്ചു റാണി. കുര്യനാട് ക്ഷീരോല്‍പാദന സംഘത്തിൽ നടന്ന ദ്വിദിന ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷീര വികസനവകുപ്പ്, ജില്ലയിലെ ക്ഷീരസംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വെറ്റിനറി ഡോക്ടറുമാരുടെ സേവനത്തിനായി കേന്ദ്ര-സംസ്ഥാന പദ്ധതിപ്രകാരം എമർജൻസി ആംബുലന്‍സുകളുടെ രണ്ടാംഘട്ട വിതരണം സര്‍ക്കാരിന്‍റെ രണ്ടാം നൂറുദിന പദ്ധതിയിലുള്‍പ്പെടുത്തി നടത്തും. ഇതിനായി 50 ജൂനിയര്‍ വെറ്റിനറി ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.
വിവിധ കാര്‍ഷിക മേഖലകളില്‍ കേരളം സ്വയം പര്യാപ്തത കൈവരിച്ചതുപോലെ തീറ്റപ്പുല്‍കൃഷി, കാലിത്തീറ്റ, കേരളത്തിന്‍റെ തനത് നാടന്‍ പശുവിനങ്ങളുടെ ഉല്പാദനം, അനുബന്ധ മേഖലകൾ എന്നിവയിൽ വളര്‍ച്ചയുണ്ടായാലേ ക്ഷീരമേഖല പൂർണമായി സ്വയം പര്യാപ്തത കൈവരിക്കൂ. ഇതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.
കിസാന്‍ റെയില്‍ പദ്ധതി പ്രയോജനപ്പെടുത്തും
കേന്ദ്ര സര്‍ക്കാരിന്‍റെ കിസാന്‍ റെയില്‍ പദ്ധതിയിലൂടെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നും വൈക്കോല്‍ കേരളത്തിലെത്തിക്കാന്‍ ശ്രമം നടന്നുവരുന്നു. കൂടാതെ സംസ്ഥാനത്തെ തരിശുഭൂമിയില്‍ തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കുന്നു. കേരളത്തിന്‍റെ തനത് പശുവിനങ്ങളായ പെരിയാര്‍ പശു, കാസര്‍കോട് കുള്ളന്‍, വെച്ചൂര്‍ പശുക്കിടാങ്ങളെ ഉത്പാദിപ്പിച്ച് കിടാരികളെ എത്തിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.