മന്ത്രി ജെ ചിഞ്ചുറാണി സംസാരിക്കുന്നു കോട്ടയം:പേവിഷബാധയ്ക്കുള്ള വാക്‌സിന്‍റെ കരുതൽ ശേഖരം സംസ്ഥാനത്ത് ആവശ്യത്തിനുണ്ടെന്നും തെരുവുനായ ശല്യം രൂക്ഷമായപ്പോൾ 11 ലക്ഷം വാക്‌സിനുകൾ സർക്കാർ അടിയന്തരമായി ലഭ്യമാക്കിയെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തെരുവുനായ ശല്യം നേരിടുന്നതിനായി കോട്ടയം കോടിമതയിൽ പണികഴിപ്പിച്ച എബിസി സെന്‍ററിന്‍റെ (അനിമൽ ബർത്ത് കൺട്രോൾ സെന്‍റർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2019ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്ത് 14 ലക്ഷം വളർത്തുനായ്ക്കളാണ് ഉള്ളത്. ഇതിൽ മൂന്നുലക്ഷത്തോളം തെരുവുനായ്ക്കളാണ്. കൊവിഡ് കാലത്ത് യഥാസമയം വാക്‌സിനേഷൻ നടത്താനാകാത്ത സാഹചര്യമുണ്ടായതാണ് തെരുവുനായശല്യം വെല്ലുവിളിയാകാൻ കാരണം. സ്ഥിതി രൂക്ഷമായപ്പോൾ മൃഗസംരക്ഷണവകുപ്പ് അടിയന്തരമായി ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു.
എബിസി സെന്‍ററിൽ പുതിയതായി പണികഴിപ്പിച്ച പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിന്‍റെ ഉദ്ഘാടനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും സ്വഭാവത്തിൽ സമീപകാലത്തുണ്ടായ ആക്രമണോത്സുകതയെപ്പറ്റി കൃത്യമായ പഠനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണെന്നു മന്ത്രി വി എൻ വാസവൻ പറഞ്ഞു.
എബിസി സെന്‍റർ യാഥാർഥ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച കോട്ടയം ജില്ല പഞ്ചായത്ത് മുൻ അധ്യക്ഷ നിർമല ജിമ്മി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ടി ജി ഉല്ലാസ്‌കുമാർ, കാർട്ടൺ ഇന്ത്യ അലയൻസ് സ്റ്റാർട്ടപ്പ് കമ്പനി മാനേജിങ് ഡയറക്‌ടർ കെ മുഹമ്മദ് ആസിഫ് എന്നിവരെ ചടങ്ങിൽ മന്ത്രി വി എൻ വാസവൻ പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മികച്ച ക്ഷീരകർഷകനുള്ള ജില്ലാതല പുരസ്‌കാരം നേടിയ ബിജുമോൻ തോമസ്, സമ്മിശ്ര മൃഗപരിപാലക പുരസ്‌കാരം നേടിയ രേഖ ബോബൻ എന്നിവരെ ജില്ല കലക്‌ടർ ഡോ. പി കെ ജയശ്രീ ചടങ്ങിൽ ആദരിച്ചു. കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് കോടിമത പച്ചക്കറിച്ചന്തയ്ക്ക് സമീപമുള്ള എബിസി സെന്‍റർ.
മാസം 250 തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യാനുള്ള സംവിധാനങ്ങൾ സെന്‍ററിലുണ്ട്. 5.36 ലക്ഷം രൂപയാണ് എബിസി സെന്‍ററിന്‍റെ ഒരുമാസത്തെ പ്രവർത്തനച്ചെലവ്. വന്ധ്യംകരണം ചെയ്യുന്ന പെൺനായ്ക്കളെ ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് ദിവസവും ആൺനായ്‌ക്കളെ നാല് ദിവസവും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിൽ പരിചരിച്ച് മുറിവുകൾ ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം പേവിഷ ബാധയ്‌ക്കെതിരേയുള്ള പ്രതിരോധവാക്‌സിനും നൽകിയശേഷമാണ് പുറത്തുവിടുക.
ഒരു എയർകണ്ടീഷൻഡ് ഓപ്പറേഷൻ തിയറ്റർ, പ്രീ ആൻഡ് പോസ്റ്റ് പരിചരണ സംവിധാനത്തോടു കൂടിയ മുറികൾ, സിസിടിവി നീരിക്ഷണ സംവിധാനം, ഓഫിസ് റൂം, സ്റ്റോർ റൂം, ശസ്ത്രക്രിയ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാന മുറി, വന്ധ്യംകരണ ശസ്ത്രക്രിയക്കു ശേഷം മുറിവുണങ്ങുന്നതുവരെ ശുശ്രൂഷിക്കാനായി 48 നായ്ക്കൾക്കുള്ള കൂടുകളോടു കൂടിയ പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡ് എന്നിവ കൂടാതെ ജീവനക്കാർക്കുള്ള ഡോർമിറ്ററി സംവിധാനവും സെന്‍ററിൽ ഒരുക്കിയിട്ടുണ്ട്. ഒരു വെറ്ററിനറി ഡോക്‌ടർ, ഒരു ഓപ്പറേഷൻ തീയേറ്റർ സഹായി, നാല് ശ്വാനപരിപാലകർ, മൂന്ന് ഡോഗ് കാച്ചേഴ്‌സ്, ഒരു ശുചീകരണ സഹായി എന്നിവരെയും സെന്‍ററിൽ നിയമിച്ചിട്ടുണ്ട്.