പാർലമെന്‍റിൽ എത്തിയാൽ കേന്ദ്രാവിഷ്കൃത ഫണ്ടുകളും എംപി ഫണ്ടുകളും കൃത്യമായി വിനിയോഗിക്കുമെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാർഥി വിഎം വാസവൻ. കോട്ടയത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി രാജ്യസഭയിലേക്ക് ചേക്കേറിയത് ജനങ്ങളെ അപഹാസ്യരാക്കുന്നതിന് തുല്യമാണെന്നും വാസവൻ ആരോപിച്ചു.
മുടങ്ങിക്കിടക്കുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് വിഎം വാസവൻ - കോട്ടയം
കാർഷിക ആനുകൂല്യങ്ങൾ, കായിക താരങ്ങൾക്ക് പരിശീലന സൗകര്യം, എറണാകുളത്ത് നിന്നും കുമരകത്തേക്ക് അതിവേഗ കോറിഡോർ എന്നിവയെല്ലാം വാഗ്ദാനങ്ങളുടെ ചുരുക്കം മാത്രമായിരിക്കും.
തെരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ ബദലെന്ന നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. കേരളത്തിൽ അത് പ്രതിഫലിക്കുകയും കോട്ടയത്ത് തനിക്ക് വിജയമുണ്ടാകുമെന്നും വാസവൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ജോസ് കെ മാണി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. വാഗ്ദാനങ്ങളെല്ലാം ജലരേഖയായി അവശേഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു വാസവൻ.
പാർലമെന്‍റിൽ എത്തിയാൽ മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ട്. റെയിൽവേയിൽ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായിരിക്കും മുഖ്യ പരിഗണന. തീർത്ഥാടന ടൂറിസം വികസനത്തിന് പ്രത്യേക പാക്കേജ് രൂപീകരിച്ച് നടപ്പാക്കുക, റബറിന് ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാൻ സിയാൽ മോഡൽ പദ്ധതികൾ നടപ്പാക്കിയാൽ അതുമായി ബന്ധപ്പെട്ട് പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക ആനുകൂല്യങ്ങൾ, കായിക താരങ്ങൾക്ക് പരിശീലന സൗകര്യം, എറണാകുളത്ത് നിന്നും കുമരകത്തേക്ക് അതിവേഗ കോറിഡോർ എന്നിവയെല്ലാം വാഗ്ദാനങ്ങളുടെ ചുരുക്കം മാത്രമായിരിക്കും. ന്യൂജൻ വോട്ടുകളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും എൽഡിഎഫിനും ഗുണം ചെയ്യും. ഓരോ തവണയും നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. മുമ്പും എൽഡിഎഫ് കോട്ടയത്ത് ജയിച്ചിട്ടുണ്ട്. ഇടതു സർക്കാരിന്‍റെ ഭരണ നേട്ടങ്ങളും ഇടത് മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളും വ്യക്തിപരമായ സാമൂഹ്യബന്ധങ്ങളും വിജയത്തിനു സഹായകരമാകുമെന്നും വാസവൻ പറഞ്ഞു.