കോട്ടയം: ഈരാറ്റുപേട്ടയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ പണം തിരിമറി നടത്തിയ കേസില്‍ മാനേജര്‍ അറസ്റ്റില്‍. കുമളി സ്വദേശിയായ നിഖിൽ ഫ്രെഡിയാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അരുവിത്തറയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഓഫിസില്‍ അടക്കേണ്ട പണം തട്ടി; ഓണ്‍ലൈന്‍ ഗെയിം കളിച്ചു; മൈക്രോ ഫിനാന്‍സ് കമ്പനി മാനേജര്‍ അറസ്റ്റില്‍
ഈരാറ്റുപേട്ടയിലുള്ള ആശിർവാദ് മൈക്രോഫിനാൻസ് കമ്പനിയില്‍ നിന്ന് പണം തട്ടിയ മാനേജര്‍ നിഖിൽ ഫ്രെഡി അറസ്റ്റില്‍. തട്ടിയത് 10,25000 രൂപ. പണം ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഉപയോഗിച്ചെന്ന് പ്രതി.
ജോലി ചെയ്യുന്ന ഈരാറ്റുപേട്ടയിലുള്ള ആശിർവാദ് മൈക്രോഫിനാൻസ് കമ്പനിയില്‍ നിന്ന് 10,25000 രൂപയാണ് ഇയാള്‍ തട്ടിയത്. ഹെഡ് ഓഫിസിൽ അടയ്ക്കുന്നതിനായി ഫീൽഡ് ഓഫിസർമാർ ഏൽപ്പിച്ച പണം ഓഫിസില്‍ അടക്കാതെ നിഖില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കായി ചെലവഴിക്കുകയായിരുന്നു. അടക്കേണ്ട സമയം കഴിഞ്ഞിട്ടും പണം ഓഫിസിലെത്താതിരുന്നതോടെ സംശയം തോന്നിയ ഫിനാന്‍സ് കമ്പനി ഉടമ ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിയുന്നത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്‌ണു വി.വി, എ.എസ്.ഐ ഇക്ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.