കോട്ടയം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ പ്രശ്‌നം പരിഹരിക്കാൻ ജില്ല കലക്‌ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ജില്ല കലക്‌ടർ വിളിച്ച് ചേർത്ത ചർച്ചയിൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി ഗവേഷക വിദ്യാർഥി പങ്കെടുക്കാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്.
നാനോ സയൻസ് മേധാവിയായ നന്ദകുമാർ കളരിക്കലിനെ തൽസ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷക വിദ്യാർഥിനി കലക്‌ടർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പ്രശ്‌ന പരിഹാരത്തിനായി കലക്‌ടർ ഇരുകൂട്ടരെയും ചർച്ചക്ക് ക്ഷണിച്ചത്.
എന്നാൽ കലക്‌ടർ പി.കെ ജയശ്രീ തന്‍റെ ചേമ്പറിൽ ഇന്ന് വിളിച്ചുകൂട്ടിയ ചർച്ചയിൽ സർവകലാശാല പ്രതിനിധിയായി സർവകലാശാല രജിസ്ട്രാർ ബി.പ്രകാശ് കുമാർ മാത്രമാണ് പങ്കെടുത്തത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി പരാതികാരിയായ ഗവേഷക വിദ്യാർഥിനി ചർച്ചയിൽ പങ്കെടുത്തില്ല. ഇതോടെ കലക്‌ടർ സർവകലാശാല രജിസ്ട്രാറിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.