കോട്ടയം: മഹാത്മാഗാന്ധി(എംജി) സർവകലാശാലക്ക് കീഴിൽ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥികളുടെ പരീക്ഷാ നടത്തിപ്പിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. പഠനം പൂർത്തിയാക്കിയ മുന്നോറോളം വിദ്യാർഥികളുടെ അവസാന വർഷ പരീക്ഷ ജൂണിൽ നടത്തണമെന്ന ആവശ്യം പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദേശം നൽകി. എംജി സർവകലാശാല രജിസ്ട്രാർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്. പയ്യന്നൂർ സ്വദേശി അക്ഷയ് സമർപ്പിച്ച പരാതിയിലാണ് നടപടി.
മൂന്നു തവണ പരീക്ഷ നടത്താൻ ടൈംടേബിൾ പ്രസിദ്ധീകരിച്ചെങ്കിലും ലോക്ക്‌ഡൗൺ കാരണം മാറ്റിവച്ചു. എന്നാൽ കേരള ആരോഗ്യ സർവകലാശാല ഇതേ കോഴ്‌സിനുള്ള പരീക്ഷ ജൂൺ 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി പരാതിയിൽ പറയുന്നു. സർക്കാർ നൽകിയ പ്രത്യേക അനുമതിയോടെയാണ് ആരോഗ്യ സർവകലാശാലാ പരീക്ഷ നടത്തുന്നത്.