കോട്ടയം: മീനച്ചിലാറിന്‍റെ വൃഷ്ടി പ്രദേശങ്ങളിലെമ്പാടും മഴമാപിനികള്‍ സ്ഥാപിക്കാനുള്ള മീനച്ചിലാര്‍ നദീസംരക്ഷണസമിതിയുടെ പദ്ധതിയ്ക്ക് തുടക്കമായി. അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ വൈകുമ്പോള്‍ സമിതിയിലെ ഗ്രൂപ്പ് അംഗങ്ങളാണ് മഴമാപിനികള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. ആദ്യ മഴമാപിനി ഭരണങ്ങാനത്ത് സ്ഥാപിച്ചുകൊണ്ട് നടപടികള്‍ക്ക് തുടക്കം കുറിച്ചു.
മീനച്ചിലാറിന്‍റെ പ്രദേശങ്ങളിൽ മഴമാപിനികള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ മഴയെ തുടര്‍ന്നാണ് ഇത്തരമൊരു ആവശ്യം ശക്തമായത്. മഴ ശക്തിപ്പെടുമ്പോള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് പടിഞ്ഞാറന്‍ പ്രദേശം. ഇതോടെ ഈ മേഖലയില്‍ നിന്നും വലിയ തോതിലുള്ള അന്വേഷണങ്ങളാണ് പാലാ മേഖലയിലേക്ക് എത്തുക. എന്നാല്‍ മഴയെ സംബന്ധിച്ച് കൃത്യമായ അളവ് നല്കാനാവാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് പ്രാദശികമായി മഴമാപിനികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിച്ചത്. മീനച്ചില്‍ തഹസില്‍ദാര്‍ വി.അഷ്‌റഫ്, ആദ്യ മഴമാപിനി ഭരണങ്ങാനം അസീസി ആശ്രമപരിസരത്ത് സ്ഥാപിച്ചുകൊണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മീനച്ചില്‍ നദീസംരക്ഷണസമിതി പ്രസിഡന്‍റ് പ്രൊഫസര്‍ എസ് രാമചന്ദ്രന്‍, സിസ്റ്റര്‍ റോസ് വൈപ്പന, എബി ഇമ്മാനുവല്‍, മനോജ് മാത്യു പാലാക്കാരന്‍, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് സാബു, ഫാ സിബി പാറടിയില്‍, ഫാ പ്രിന്‍സ്, റോയി മാന്തോട്ടം, ജോണി തോപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്ഥാപിക്കാന്‍ ആലോചിച്ചെങ്കിലും കാലതാമസം ഉണ്ടാകുമെന്നതിനാല്‍ സമിതി അംഗങ്ങള്‍തന്നെ അവ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കിടങ്ങൂര്‍ അടക്കം ചില പഞ്ചായത്തുകളും സഹകരിക്കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. 25ഓളം മാപിനികള്‍ ഇതിനകം തന്നെ സ്പോണ്‍സര്‍ ചെയ്യതിട്ടുണ്ട്. മീനച്ചില്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ഇവ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. മീനച്ചിലാറ്റിലെ ജലനിരപ്പ് സംബന്ധിച്ച് കണക്കുകളിലും വ്യക്തത വരുത്താനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇതിനായി ജലനിരപ്പ് സ്‌കെയിലുകളും സ്ഥാപിക്കാനാണ് തീരുമാനം. ഇതുവഴി വരുംനാളുകളില്‍ പെയ്ത മഴയുടേയും മീനച്ചിലാറ്റിലെ ഉയര്‍ന്ന ജലനിരപ്പിന്‍റെയും വ്യക്തമായ കണക്ക് ലഭ്യമാക്കാനാണ് മീനച്ചിലാര്‍ സംരക്ഷണസമിതി ശ്രമിക്കുന്നത്.