കോട്ടയം: അഞ്ചു വര്‍ഷമായി പൂട്ടിക്കിടക്കുന്ന കൂടല്ലൂര്‍ ക്രംബ് റബര്‍ ഫാക്ടറി വീണ്ടും തുറന്നു. എംആര്‍എം ആൻഡ് പിസിഎസിന്റെ കീഴിലുള്ളതാണ് ഫാക്ടറി. സാമ്പത്തിക പ്രതിസന്ധിമൂലം അഞ്ചുവര്‍ഷമായി ഫാക്ടറി പൂട്ടിക്കിടക്കുകയായിരുന്നു. സഹകരണ രജിസ്ട്രാറുടെ അനുമതിയോടെ രൂപീകരിച്ച കണ്‍സോഷ്യത്തിന്റെ കീഴിലാണ് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ചത്. താലൂക്കിലെ സഹകരണ ബാങ്കുകള്‍ ചേര്‍ന്നാണ് കണ്‍സോഷ്യം രൂപീകരിച്ചത്.
മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ പുനരാരംഭിക്കുന്നതിന് ലക്ഷ്യമിട്ടാണ് കണ്‍സോഷ്യം രൂപീകരിച്ചത്. ആദ്യഘട്ടമായാണ് കൂടല്ലൂരിലെ ഫാക്ടറി തുറന്നത്. അടുത്ത ഘട്ടത്തിൽ കരൂരിലുള്ള സെന്‍ട്രിഫ്യൂജല്‍ ലാറ്റക്സ് ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനു മുന്നോടിയായി കരൂരിലെ ഫാക്ടറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
കൂടല്ലൂരിലെ ക്രംമ്പ് ഫാക്ടറിയിലേക്ക് ഒട്ടുപാല്, ചിരട്ടപ്പാല്‍, പിണ്ടിപ്പാല് തുടങ്ങിയവ സംഭരിക്കുന്നതിനു താലൂക്കിലെ സഹകരണ ബാങ്കുകളുടെ മേല്‍നോട്ടത്തില്‍ എല്ലാ പഞ്ചായത്തിലും ചെറിയ ഡിപ്പോകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഫാക്ടറി വിലയ്ക്ക് കര്‍ഷകരില്‍നിന്ന് ഒട്ടുപാല് സംഭരിക്കാനാണു തീരുമാനം. കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതിന് ഇത് കാരണമാകും. 20 ടണ്‍ കപ്പാസിറ്റിയുള്ളതാണ് കൂടല്ലൂരിലെ മിഷനറി.
ചെവ്വാഴ്ച രാവിലെ ഒന്‍പതിന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എന്‍. പ്രദീപ്കുമാര്‍ ഫാക്ടറിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജോര്‍ജ് സി. കാപ്പന്, എം.എം. തോമസ്, വി.ജി. വിജയകുമാര്‍, അസി. രജിസ്ട്രാര്‍ ഡാര്‍ലിംഗ് ജോസഫ് ചെറിയാന്, അഡ്മിനിസ്ട്രേറ്റര്‍ ജോയ്സ് ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍ കെ.ജി. ഷാജി, ഫാക്ടറി മാനേജര്‍ ഷാന്‍ലി വി.കുര്യന് എന്നിവര്‍ സംബന്ധിച്ചു.